ലോഡ്ജ് ജീവനക്കാരന് മർദനം; രണ്ടുപേർ റിമാൻഡിൽ
text_fieldsപൊലീസ് പ്രതികളെ ലോഡ്ജിൽ എത്തിച്ച് തെളിവെടുക്കുന്നു
മാനന്തവാടി: എരുമത്തെരുവ് സന്നിധി ലോഡ്ജ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. കണ്ണൂര്‍ പിണറായി അണ്ടല്ലൂര്‍ കടവ് കണ്ടത്തില്‍ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (23), തലശ്ശേരി കോടിയേരി മൂഴിക്കര ഫിർദൗസ് മൻസിലിൽ മില്‍ഹാസ് (22) എന്നിവരെയാണ് മാനന്തവാടി എസ്.ഐ കെ.കെ. സോബിൻ അറസ്റ്റ് ചെയ്തത്.
ലോഡ്ജിലെ ജീവനക്കാരനായ തിരുനെല്ലി യു.കെ. രാജനാണ്(46) മർദനമേറ്റത്. വ്യാഴാഴ്ച പുലർച്ച മൂന്നരയോടെയായിരുന്നു സംഭവം. അഡ്വാൻസ് തുക നൽകാതെ മുറി നൽകില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പ്രകോപിതരായ ഇരുവരും മർദിക്കുകയായിരുന്നെന്നാണ് രാജന്റെ പരാതിയിൽ പറയുന്നത്. രാജന്റെ മൂക്കിന് സാരമായ പരിക്കുണ്ട്. ഇയാൾ വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ലോഡ്ജിൽ സ്ഥാപിച്ച സി.സി.ടി.വിയിൽ മർദനം നടത്തുന്ന ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ധർമടം -തലശ്ശേരി പൊലീസിന്റെ സഹായത്തോടെയാണ് മാനന്തവാടി പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച പുലർെച്ചയോടെ ഇരുവരെയും മാനന്തവാടിയിലെത്തിച്ചു.
തുടർന്ന് ലോഡ്ജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൈ കൊണ്ട് മർദിച്ചെന്ന പരാതിയിൽ ആദ്യം യുവാക്കൾക്കെതിരെ കേസെടുത്തിരുന്നെങ്കിലും പിന്നീട് സി.സി.ടി.വി. ദൃശ്യത്തിന്റെയും പരാതിക്കാരന്റെ മൊഴിയുടെയും അടിസ്ഥാനത്തിൽ ജാമ്യമില്ല വകുപ്പുകൾ കൂടി ചേർത്താണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) ഇരുവരെയും റിമാൻഡ് ചെയ്തു.
മാനന്തവാടി പൊലീസ് ഇൻസ്പെക്ടർ എം.എം. അബ്ദുൽ കരീമിന്റെ മേൽനോട്ടത്തിൽ എ.എസ്.ഐ സി. സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.ഡി. രാംസൺ, മനു അഗസ്റ്റിൻ, പി. ജാസിം എന്നിവരും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

