കണ്ണോത്തുമല ജീപ്പപകടം; കാണാതെ പോകരുത്, ഇരകളുടെ ദുരിതം
text_fieldsമാനന്തവാടി: തോട്ടംതൊഴിലാളികളായ ഒമ്പത് അമ്മമാരുടെ ജീവൻ പൊലിഞ്ഞിട്ട് ഇന്നേക്ക് പതിനേഴ് ദിവസം. കുടുംബങ്ങൾക്കുള്ള സർക്കാർ നഷ്ടപരിഹാരം എപ്പോൾ ലഭിക്കുമെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായില്ല. ആഗസ്റ്റ് 25നാണ് മക്കിമല സ്വദേശികളായ പതിനാലുപേർ സഞ്ചരിച്ച ജീപ്പ് കണ്ണോത്തുമല ജങ്ഷനിൽ കൊക്കയിലേക്ക് മറിഞ്ഞത്.
ഒമ്പത് അമ്മമാർക്കാണ് ജീവൻ നഷ്ടമായത്. റാണി, ശാന്തി, ചിന്നമ്മ, ലീല, ഷാജ, റാബിയ, കാർത്ത്യാനി, ശോഭന, ചിത്ര എന്നിവരാണ് മരിച്ചത്. ഉമാദേവി, ലത, മണി, മോഹന സുന്ദരി, ജയന്തി എന്നിവർ ചികിത്സയിലാണ്.
ഒരു കുടുംബത്തിലെ അമ്മയും മകളും മരിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. അടിയന്തര സഹായമായി സർക്കാർ പതിനായിരം രൂപ നൽകിയിരുന്നു. സന്നദ്ധ സംഘടനകളും വ്യക്തികളും സഹായഹസ്തവുമായി മക്കിമലയിലേക്ക് ഒഴുകിയെത്തിയെങ്കിലും സർക്കാർ നഷ്ടപരിഹാരം നൽകുന്നതിൽനിന്ന് മുഖം തിരിച്ചുനിൽക്കുകയാണ്.
സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞാണ് ജില്ല ഭരണകൂടം സർക്കാറിന് റിപ്പോർട്ട് നൽകുന്നത്. റിപ്പോർട്ട് ലഭിക്കാത്തതിനാലാണ് മന്ത്രിസഭ നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ വൈകുന്നതെന്നാണ് അധികാരികളുടെ വിശദീകരണം.
പാവപ്പെട്ട തോട്ടം തൊഴിലാളികളായതിനാലാണ് സർക്കാർ സഹായം നൽകാൻ വൈകിക്കുന്നതെന്നാണ് മരിച്ചവരുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. വീട്ടിൽ കഴിയുന്ന രോഗികളെ ആശുപത്രിയിൽ എത്തിക്കാനും മരുന്നു വാങ്ങാനും വണ്ടി വാടക പോലും ഇല്ലാതെ ബന്ധുക്കൾ വലയുകയാണ്.
ആറു കുടുംബങ്ങൾക്ക് സ്വന്തമായി അടച്ചുറപ്പുള്ള വീടുപോലും ഇല്ലാത്തവരാണ്. പലർക്കും ജാതി സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ പട്ടികജാതി വകുപ്പിൽനിന്ന് ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. രണ്ടു മന്ത്രിമാർ ദുരന്തസ്ഥലവും വീടുകളും സന്ദർശിച്ച് കുടുംബങ്ങളുടെ ദയനീയ സ്ഥിതിഗതികൾ മനസ്സിലാക്കിയവരാണ്.
എന്നിട്ടും സാങ്കേതികത്വത്തിന്റെ നൂലാമാലകൾ പറഞ്ഞ് നഷ്ടപരിഹാരം നൽകാതെ മനുഷ്യത്വരഹിതമായ സമീപനമാണ് സർക്കാർ തുടരുന്നതെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു. തങ്ങൾ വലിയ വോട്ടു ബാങ്കല്ലാത്തതാണോ സർക്കാറിന്റെ ഇരട്ടനീതിക്ക് കാരണമെന്ന് ആറാം നമ്പർ കോളനിയിലെ നാൽപത് കുടുംബങ്ങളും ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

