ഭവന പദ്ധതിക്ക് മുൻഗണനയുമായി മാനന്തവാടി ബ്ലോക്ക് ബജറ്റ്
text_fieldsമാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് മൊയ്തീൻ ഹാജി അവതരിപ്പിക്കുന്നു
മാനന്തവാടി: കുടി വെള്ളം ലഭ്യമാക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും കാർഷിക ക്ഷീര മേഖലക്കും എല്ലാവർക്കും വീട് ഒരുക്കുന്നതിനും മുൻതൂക്കം നൽകി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. ഭവന രഹിതർക്ക് സുരക്ഷിതവും മാന്യവുമായ താമസ സൗകര്യം ഒരുക്കുന്നതിന് 20 കോടി രൂപ വകയിരുത്തി. വൈസ് പ്രസിഡന്റ് സി.പി. മൊയ്തീൻഹാജി ബജറ്റ് അവതരിപ്പിച്ചു.
പ്രസിഡന്റ് മീനാക്ഷിരാമൻ അദ്ധ്യക്ഷത വഹിച്ചു. എല്ലാവരുടെയുംആരോഗ്യം സംരക്ഷിക്കുന്നതിനും രോഗപ്രതിരോധത്തിനും സൗജന്യ രോഗ ചികിത്സക്കുമായി ഒരു കോടി 12 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തി. സഞ്ചരിക്കുന്ന ആതുരാലയത്തിന് 25 ലക്ഷം രൂപയും നല്ലൂർ നാട് സി.എച്ച്.സിക്ക് 68 ലക്ഷം രൂപയും പേര്യ സി.എച്ച് സിക്ക് 24.5 ലക്ഷം രൂപയും, പൊരുന്നന്നൂർ സി.എച്ച്.സിക്ക് 18 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
ക്ഷീരമേഖലയിലെ കർഷകർക്ക് അധ്വാനത്തിനനുസരിച്ചുള്ള വരുമാനം ലഭിക്കാത്ത അവസരത്തിൽ ക്ഷീര കർഷകരെ സഹായിക്കാനായി 90 ലക്ഷം രൂപ ബജറ്റിൽ നീക്കിവെച്ചു. ഭിന്നശേഷി വിദ്യാത്ഥികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും മറ്റുമായി 37.5 ലക്ഷം രൂപയും വനിത ക്ഷേമത്തിനും, എസ് സി.എസ്.ടി വനിതകൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾക്കും മറ്റുമായി 83 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
പശ്ചാത്തല വികസനത്തിനായി 12.91 കോടിയും എല്ലാവർക്കും കുടിവെള്ളമെത്തിക്കാനായി 2.62 കോടി രൂപയുമുണ്ട്. ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജിൽസൺ തൂപ്പുംകര, ലിസി ജോസ്, ജിതിൻ കെ.ആർ. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ ചിന്നമ്മ ജോസ്, ആസ്യ മൊയ്തു, ഒ ടി. മുഹമ്മദ് ഉനൈസ്, മെമ്പർ ബെന്നി ആന്റണി, സെക്രട്ടറി രാജേഷ് കെ.കെ. എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

