ആനി രാജക്ക് ആവേശോജ്ജ്വല സ്വീകരണം
text_fieldsഇടതു സ്ഥാനാർഥി ആനി രാജ മാനന്തവാടിയിൽ നടത്തിയ റോഡ് ഷോ
മാനന്തവാടി: വയനാട് ലോക്സഭ മണ്ഡലം സ്ഥാനാർഥിയായി പ്രഖ്യാപിച്ചശേഷം ആദ്യമായി ജില്ലയിലെത്തിയ എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജക്ക് വയനാടിന്റെ മണ്ണിൽ ആവേശോജ്ജ്വല സ്വീകരണം. വെള്ളിയാഴ്ച രാവിലെ 10ഓടെ കണ്ണൂർ - വയനാട് അതിർത്തിയായ തവിഞ്ഞാൽ 42ലെത്തിയ ആനി രാജയെ എൽ.ഡി.എഫ് പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി വരവേറ്റു.
10.50ഓടെ തുറന്ന വാഹനത്തിൽ ഒ.ആർ. കേളു എം.എൽ.എക്കൊപ്പം മാനന്തവാടി ജോസ് തിയറ്റർ കവലയിൽ വന്നിറങ്ങി. തുടർന്ന് പ്രവർത്തകർക്കൊപ്പം കാൽനടയായി മാനന്തവാടി നഗരം ചുറ്റി ഗാന്ധി പാർക്കിലെത്തി. ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് തവിഞ്ഞാൽ 42ൽനിന്ന് മാനന്തവാടിയിലെത്തിയത്. രാജ്യത്തിന്റെ നിലനിൽപിനുവേണ്ടി തനിക്ക് വോട്ടുചെയ്യണമെന്ന് ആനി രാജ ആവശ്യപ്പെട്ടു.
ഭരണഘടന അനുശാസിക്കുന്ന രീതിയിൽ ജീവിക്കാൻ ഇടതുമുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും തനിക്ക് അരിവാൾ കതിർ ചിഹ്നത്തിൽ വോട്ടു ചെയ്യണമെന്നും കൂടിനിന്നവരോടായി അവർ പറഞ്ഞു. ഗാന്ധി പാര്‍ക്കിനു സമീപത്തെ കടകളിൽ കയറി ആനി രാജ വോട്ടഭ്യര്‍ഥിച്ചു. പിന്നീട് മുതിര്‍ന്ന സി.പി.എം നേതാവ് കെ.വി. മോഹനന്റെയും അപകടത്തിൽ പരിക്കേറ്റ് കിടക്കുന്ന മുൻ എം.എൽ.എ കെ.സി. കുഞ്ഞിരാമന്റെയും വീടുകൾ സന്ദർശിച്ചു.
കെ.സി. കുഞ്ഞിരാമൻ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കായി നൽകിയ സംഭാവന സ്വീകരിച്ചു. തിരുനെല്ലി പഞ്ചായത്ത് വിത്തുത്സവ വേദിയിലും ആനി രാജയെത്തി. എൽ.ഡി.എഫ് ജില്ല സെക്രട്ടറി ഇ.ജെ. ബാബു, ഒ.ആര്. കേളു എം.എല്‍.എ, സി.പി.ഐ. അസി. സെക്രട്ടറി പി.പി. സുനീർ, പി. സന്തോഷ് കുമാർ എം.പി, സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം പി.വി. സഹദേവൻ, മാനന്തവാടി ഏരിയ സെക്രട്ടറി പി.ടി. ബിജു, സി.പി.ഐ മാനന്തവാടി മണ്ഡലം സെക്രട്ടറി ശോഭ രാജൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി എന്നിവരും വിവിധ ഘടകകക്ഷി നേതാക്കളായ സി.കെ. ശിവരാമൻ, കെ.ജെ. ദേവസ്യ, പി.വി. ബാലൻ, അഡ്വ. പി. ഷാജി, ടി.പി. മുരളി, നിഖിൽ പത്മനാഭൻ, വി.കെ. ശശിധരൻ, കെ.പി. വിജയൻ, പി.എം. ഷബീറലി, ഡോ. എം.പി. അനിൽ തുടങ്ങിയവരും ആനി രാജയെ സ്വീകരിച്ചു. സുൽത്താൻ ബത്തേരി അസംപ്ഷൻ ജങ്ഷനിൽ നൽകിയ സ്വീകരണത്തിനുശേഷം ടൗണിൽ സ്ഥാനാർഥി പങ്കെടുത്ത റോഡ് ഷോയും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

