മന്ത്രിയുടെ വാക്ക് ജലരേഖ; കാത്ത് ലാബ് പ്രവർത്തനം തുടങ്ങിയില്ല
text_fieldsമാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളജിൽ കാത്ത് ലാബ് യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കുമെന്നും ഹൃദ്രോഗ വിദഗ്ധനെ ഉടനെ നിയമിക്കുമെന്നുമുള്ള ആരോഗ്യ മന്ത്രിയുടെ വാക്ക് ജലരേഖയായി.
മന്ത്രിയുടെ പ്രഖ്യാപനം നടന്നിട്ട് രണ്ടരമാസമായിട്ടും ഇതിനുള്ള തുടർ നടപടികൾ എങ്ങുമെത്തിയിട്ടില്ല. ഇതോടെ മതിയായ ചികിത്സ ലഭിക്കാതെ ഹൃദയസംബന്ധമായ രോഗമുള്ളവർ വലയുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ പോയി ചികിത്സ തേടേണ്ട അവസ്ഥയാണ്.
2021 നവംബർ17ന് മെഡിക്കൽ കോളജിൽ പീഡിയാട്രിക്സ് ഐ.സി.യു വാർഡ് ഉദ്ഘാടനത്തിനെത്തിയ മന്ത്രി വീണ ജോർജാണ് ഒരു മാസത്തിനകം കാർഡിയോളജിസ്റ്റിനെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചത്.
രണ്ടര മാസമായിട്ടും ഇക്കാര്യത്തിൽ ചെറുവിരൽ അനക്കാൻ പോലും മന്ത്രിയും ആരോഗ്യ വകുപ്പും തയാറായിട്ടില്ല. കെട്ടിട നിർമാണം പൂർത്തിയായ കാത്ത് ലാബ് പ്രവർത്തനവും യുദ്ധകാലാടിസ്ഥാനത്തിൽ തുടങ്ങുമെന്നും മന്ത്രി അന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, ആ വാക്കും പാഴ്വാക്കായി മാറി.
കാത്ത് ലാബിന് വൈദ്യുതി എത്തിക്കാൻ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യമൊരുക്കാൻ ഫണ്ടിന്റെ കുറവായിരുന്നു പ്രധാനമായും പറഞ്ഞിരുന്ന കാരണം. ഇതിന് പരിഹാരമായി അമ്പത് ലക്ഷം രൂപ ഒ.ആർ.കേളു എം.എൽ.എ പ്രാദേശിക നിധിയിൽ നിന്നും അനുവദിച്ചു.
എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും ട്രാൻസ്ഫോമർ സ്ഥാപിക്കൽ എങ്ങുമെത്തിയില്ല. വൈദ്യുതി പ്രശ്നം പരിഹരിക്കപ്പെട്ടാൽ മാത്രമേ കാത്ത് ലാബിലേക്കുള്ള ഉപകരണങ്ങൾ സ്ഥാപിക്കാനാകു. ഇന്നത്തെ നിലയിൽ ഇനിയും ഇതിനായി മാസങ്ങൾ കാത്തിരിക്കേണ്ടി വരും.
അതിനിടയിൽ ചികിത്സ കിട്ടാതെ നിരവധി രോഗികളുടെ ജീവൻ പൊലിഞ്ഞേക്കുമെന്ന ആശങ്കയാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ പങ്കുവെക്കുന്നത്. ന്യൂറോളിജിസ്റ്റിനെ നിയമിക്കുമെന്ന വാഗ്ദാനവും പാലിക്കാൻ മന്ത്രി തയാറായിട്ടില്ലെന്നുള്ളത് വയനാടിനോടുള്ള കടുത്ത അവഗണനയായി മാത്രമേ കണക്കാക്കാനാകൂ.
2019ൽ അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് ജില്ല ആശുപത്രിയിൽ കാത്ത് ലാബ് അനുവദിച്ചത്. 2021 ഫെബ്രുവരിയിൽ ജില്ല ആശുപത്രിയെ മെഡിക്കൽ കോളജായി പ്രഖ്യാപിച്ച വേദിയിൽവെച്ചും മന്ത്രി യുദ്ധകാലാടിസ്ഥാനത്തിൽ കാത്ത് ലാബ് യാഥർഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പുതിയ മന്ത്രി വന്ന് രണ്ട് വർഷമായിട്ടും കാത്ത് ലാബ് കടലാസിൽ ഉറങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

