വടക്കേ വയനാട്ടിൽ കാട്ടുതീ പ്രതിരോധം ഊർജിതമാക്കുന്നു
text_fieldsമാനന്തവാടി: വേനൽ കനത്തതോടെ കാടുകൾക്ക് കാട്ടുതീ ഭീഷണി ഏറിവരുന്ന സാഹചര്യത്തിൽ വടക്കേ വയനാട് വനം ഡിവിഷനിലെ കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്ന. ഇതിന്റെ ഭാഗമായി കീസ്റ്റോൺ ഫൗണ്ടേഷൻ വനം വകുപ്പുമായി സഹകരിച്ച് കൂടുതൽ പദ്ധതികൾ നടപ്പാക്കും. വനംവകുപ്പ് നിയോഗിച്ച താൽക്കാലിക ഫയർ വാച്ചർമാർക്ക് ആവശ്യമായ സഹായങ്ങൾ നൽകി ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഫയർ വാച്ചർമാർക്ക് അവരുടെ ജോലിസമയം പരമാവധി ഗുണകരമായി ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ പദ്ധതികൾ നടപ്പാക്കുകയാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി വടക്കേ വയനാട് ഡിവിഷനിൽ നിയോഗിച്ചിട്ടുള്ള 120 ഫയർ വാച്ചർമാർക്കും പ്രതിമാസ റേഷൻ കിറ്റുകൾ വിതരണം ചെയ്യും. കാട്ടുതീ പ്രതിരോധത്തിനായി അക്ഷീണം പ്രയത്നിക്കുന്ന ഫയർ വാച്ചർമാർ നേരിടുന്ന പ്രധാന പ്രശ്നമാണ് ഉച്ചഭക്ഷണം. വാച്ചർമാർ ദിവസവും ദീർഘദൂരം നടന്നാണ് ക്യാമ്പുകളിലെത്തുന്നത്. പലപ്പോഴും ഉച്ചഭക്ഷണത്തിനായി അവർ തിരികെ വീണ്ടും നടന്ന് ഫോറസ്റ്റേഷൻ ഓഫീസിലേക്ക് എത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതിനൊരു മാറ്റം വരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് വനം വകുപ്പും കീസ്റ്റോൺ ഫൗണ്ടേഷനും ചേർന്ന് ഫയർവാച്ചർമാർക്ക് റേഷൻ കിറ്റുകൾ നൽകാൻ തീരുമാനിച്ചത്. ഫയർവാച്ചർമാർക്ക് കാട്ടുതീ നിരീക്ഷിക്കുന്നതിനു ഉയർന്ന വിശാലമായ പ്രദേശത്ത് ദൃശ്യമാകുന്ന തരത്തിൽ മച്ചാനുകൾ നിർമിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. മച്ചാൻ നിർമിക്കുന്നതിന് തനത് മരങ്ങൾ മുറിക്കാതെ അധിനിവേശ സസ്യങ്ങളെയും അക്കേഷ്യ, യൂക്കാലി പോലെയുള്ള മരങ്ങൾ ഉപയോഗിക്കുന്നതിനും പ്രാധാന്യം നൽകും.
ഭാവിയിൽ ഫയർ വാച്ചർമാർക്ക് ആവശ്യമായ പരിശീലനങ്ങൾ സംഘടിപ്പിക്കുന്നതിനും കാട്ടുതീ പ്രതിരോധത്തിന് പ്രാദേശിക ജനതയുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടി കൈക്കൊള്ളുന്നതിനും കീസ്റ്റോൺ ഫൗണ്ടേഷൻ വനം വകുപ്പുമായി ചേർന്ന് പ്രവർത്തിക്കും.
ഫയർവാച്ചർമാർക്കുള്ള റേഷൻ കിറ്റുകളുടെ വിതരണം വടക്കേ വയനാട് ഡി.എഫ്.ഒ. സന്തോഷ് കുമാർ ഐ.എഫ്.എസ് നിർവഹിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ കെ.വി. അനന്തു, പേരിയ റേഞ്ച് ഓഫിസർ ഡി. ഹരിലാൽ, കീസ്റ്റോൺ ഫൗണ്ടേഷൻ പ്രോഗ്രാം കോഓഡിനേറ്റർ അഡ്വ. കെ.ജി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

