കടുവഭീതി തുടര്‍ക്കഥയാവുന്നു; ചിറക്കരയില്‍ നിരീക്ഷണവുമായി വനംവകുപ്പ്
text_fieldsകടുവഭീതി നിലനിൽക്കുന്ന ചിറക്കരയില്‍ വനംവകുപ്പ്
ജീവനക്കാർ നിരീക്ഷണം നടത്തുന്നു
മാനന്തവാടി: നഗരസഭയിലെ ചിറക്കരയില്‍ കടുവഭീതി തുടർക്കഥയാവുന്നു. കഴിഞ്ഞ ദിവസം നാട്ടുകാര്‍ വീണ്ടും കടുവയെ കണ്ടതോടെ പ്രദേശത്ത് ഭീതി തുടരുകയാണ്. ശനിയാഴ്ച രാത്രി പത്തോടെ ചിറക്കര മുസ് ലിം പള്ളിക്ക് സമീപം പ്രദേശവാസികള്‍ കടുവയോട് സാദൃശ്യമുള്ള വന്യജീവിയെ കണ്ടതോടെ പ്രദേശത്ത് ഭീതി പരന്നു.
തുടര്‍ന്ന് വനപാലകരെ വിവരമറിയിക്കുകയും രാത്രി തന്നെ തിരച്ചില്‍ നടത്തുകയും ചെയ്തു. എന്നാല്‍ തിരച്ചിലില്‍ വന്യമൃഗത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നിലവിൽ പ്രദേശത്ത് വനംവകുപ്പിന്റെ നിരീക്ഷണം തുടരുകയാണ്. കുറച്ച് നാളുകളായി ചിറക്കര, പഞ്ചാരക്കൊല്ലി, മണിയന്‍കുന്ന് പ്രദേശത്ത് കടുവ ഭീഷണി തുടരുകയാണ്. കടുവക്ക് പുറമേ ഏപ്രില്‍ ഏഴിന് പുലര്‍ച്ച രണ്ടോടെ എത്തിയ കാട്ടാന ചിറക്കര എസ്റ്റേറ്റ് ഫാക്ടറിക്ക് സമീപമുള്ള പുളിമൂട്ടില്‍ ജോസിന്റെ 50 ഓളം കുലച്ച വാഴകള്‍ നശിപ്പിച്ചിരുന്നു.
വാഴക്ക് പുറമേ മറ്റ് കൃഷികളും പലപ്പോഴായി ആന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ വ്യാപകമായി നശിപ്പിക്കുകയാണ്.
ചിറക്കര പ്രദേശത്ത് നിരന്തരമായ വന്യമൃഗ ശല്യത്തെ തുടര്‍ന്ന് വനംവകുപ്പ് പരിശോധന നടത്തുന്നുണ്ട്. എന്നിരുന്നാലും കൂടുതല്‍ വനംവകുപ്പ് ജീവനക്കാരെ പ്രദേശത്ത് പരിശോധനക്ക് നിയോഗിക്കണമെന്നും തിരച്ചില്‍ ഊർജിതമാക്കി വന്യമൃഗശല്യം അവസാനിപ്പിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

