എക്സൈസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം കാട്ടാന കൊമ്പിൽ കോർത്തു; യാത്രികർ രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsകാട്ടാന തകർത്ത എക്സൈസ് സംഘത്തിെൻറ വാഹനം
മാനന്തവാടി: നൈറ്റ് പട്രോളിങ്ങിനിടെ എക്സൈസ് സർക്കിൾ ഓഫിസിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനുനേരെ കാട്ടാന ആക്രമണം. വെള്ളിയാഴ്ച രാത്രി തോൽപ്പെട്ടി റോഡിൽ തെറ്റ് റോഡിന് സമീപം വെച്ചാണ് സംഭവം. മറ്റൊരു വാഹനത്തിന് അരിക് നൽകുന്നതിനിടെ വനത്തിനുള്ളിൽ നിന്ന് പാഞ്ഞ് വന്ന കാട്ടാന എക്സൈസ് സംഘത്തിെൻറ വാഹനം ആക്രമിക്കുകയായിരുന്നു. വാഹനത്തിെൻറ മുൻഭാഗത്ത് കൊമ്പുകുത്തിയിറക്കിയ കാട്ടാന വാഹനം ഉയർത്തി മറിച്ചിടാൻ ശ്രമിച്ചു. വാഹനത്തിലുണ്ടായിരുന്നവർ ബഹളം വെക്കുന്നതിനിടയിൽ കാട്ടാന വാഹനം നിലത്തേക്കിട്ടു. ഉടൻ ഡ്രൈവർ മനസ്സാന്നിധ്യം കൈവിടാതെ വാഹനം മുന്നോട്ടേക്ക് ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രിവൻറിവ് ഓഫിസർ അജയകുമാർ, സി.ഇ.ഒമാരായ മൻസൂർ അലി, അരുൺ കൃഷ്ണൻ, ഡ്രൈവർ രമേശൻ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർ നിസ്സാര പരിക്കുകളുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ച ശേഷം എക്സൈസ് സംഘം വയനാട് മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ തേടി.

