കാലപ്പഴക്കവും വീതിക്കുറവും അപകടഭീഷണിയിൽ കരിന്തിരിക്കടവ് പാലം
text_fieldsകരിന്തിരിക്കടവ് പാലം
മാനന്തവാടി: വർഷങ്ങൾ പഴക്കമുള്ള പെരുവക കരിന്തിരിക്കടവ് പാലം പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നഗരസഭയെയും എടവക പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ കാലപ്പഴക്കം അപകടങ്ങൾക്ക് കാരണമാകുന്നതോടൊപ്പം വീതി കുറഞ്ഞ പാലത്തിലൂടെയുള്ള ഗതാഗതവും ദുരിതമായി മാറുന്നുണ്ട്. 2003ലാണ് ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ 35 ലക്ഷം രൂപ ചെലവിൽ പാലം നിർമിച്ചത്. വളരെ വീതി കുറഞ്ഞ പാലമായിരുന്നു നിർമിച്ചിരുന്നത്.
ഇപ്പോൾ ബസുകളും ടോറസ് ലോറികളും ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്. പാലത്തിന് പലയിടങ്ങളിലും ബലക്ഷയം സംഭവിച്ചതിനാൽ റോഡ് ചിലയിടങ്ങളിൽ താഴ്ന്ന നിലയിലാണ്. കൈവരികൾ, തൂണുകൾ എന്നിവക്കെല്ലാം കേടുപാട് സംഭവിച്ചിട്ടുണ്ട്. പ്രദേശത്തുനിന്ന് മാനന്തവാടിയിലേക്കെത്താൻ രണ്ടര കിലോമീറ്റർ മാത്രമാണുള്ളത്. മാനന്തവാടിയിൽനിന്ന് പനമരത്തേക്കുള്ള എളുപ്പമാർഗം കൂടിയാണി റോഡ്. ശക്തമായ കാലവർഷത്തിൽ പാലം വെള്ളത്തിൽ മുങ്ങുന്നതോടെ നാട്ടുകാർക്ക് 13 കിലോമീറ്റർ ദൂരമാണ് ചുറ്റി സഞ്ചരിക്കേണ്ടിവരുന്നത്. വീതി കുറഞ്ഞ പാലമായതിനാൽ ഇരുവശത്തുനിന്നും ഒരേസമയം വാഹനങ്ങൾ എത്തിയാൽ കടന്നുപോകാൻ കഴിയില്ല. ഇത് പലപ്പോഴും സംഘർഷങ്ങൾക്ക് ഇടയാക്കുന്നതായും നാട്ടുകാർ പറയുന്നു.
വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാർക്ക് കടന്നുപോകാനുള്ള സംവിധാനങ്ങളുമില്ല. കൈവരികൾക്ക് ഉയരക്കുറവുള്ളതും അപകട ഭീഷണിയാണ്. കഴിഞ്ഞ ദിവസം കൈവരിയിൽ സ്കൂട്ടർ തട്ടി യുവാവ് പുഴയിൽ വീണ് മരിച്ചിരുന്നു. പാലം പുനർനിർമിക്കാൻ നടപടികളുണ്ടാവണമെന്നാണ് ആവശ്യം. പാലത്തിന് സമീപത്ത് തെരുവു വിളക്കുകൾ സ്ഥാപിക്കാത്തതും അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

