മൂന്നു കൂടുകൾ സ്ഥാപിച്ചിട്ടും പനവല്ലിയിലെ കടുവ കാണാമറയത്തുതന്നെ
text_fieldsപനവല്ലിയിൽ കടുവക്കായി വനംവകുപ്പ് തിരച്ചിൽ നടത്തുന്നു
മാനന്തവാടി: മൂന്നു കൂടുകൾ സ്ഥാപിച്ചും തുടര്‍ച്ചയായ തിരച്ചില്‍ നടത്തിയിട്ടും പനവല്ലിയില്‍ കടുവ കാണാമറയത്തുതന്നെ. ഒന്നര മാസമായി പ്രദേശത്തെ ജനങ്ങൾക്ക് ഉറക്കമില്ലാ രാത്രികളാണ് സമ്മാനിച്ചിരിക്കുന്നത്. തിരുനെല്ലി കാളംങ്കോട് വെച്ച് കടുവയെ കണ്ട് ഭയന്ന് സ്കൂട്ടര്‍ തിരിക്കുന്നതിനിടയില്‍ നിയന്ത്രണംവിട്ട് തിരുനെല്ലി ടെംബിള്‍ എംപ്ലോയീസ് സൊസൈറ്റി ജീവനക്കാരന് ചെറിയ ആക്കൊല്ലി രഘുനാഥിന് പരിക്കേറ്റിരുന്നു.
രാത്രികാലങ്ങളില്‍ പനവല്ലി, സര്‍വ്വാണി പ്രദേശങ്ങളില്‍ പലരുടേയും വീട്ടുമുറ്റത്ത് കടുവ എത്തുകയും വളര്‍ത്തു നായ്ക്കളെ ഉള്‍പ്പെടെ കൊന്നുതിന്നുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെയും കടുവയെ നേരിൽ കണ്ടതായി നാട്ടുകാർ പറയുന്നു. കൂടിന്റെ സമീപത്ത് കാല്‍പ്പാടുകള്‍ നിത്യവും കാണാമെങ്കിലും കൂട്ടിൽ കയറാതെ വിലസുകയാണ് കടുവ. പരിശീലനം ലഭിച്ച വനപാലകര്‍ പകല്‍ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും കണ്ടെത്താനാവുന്നില്ല.
ആവശ്യമെങ്കില്‍ കടുവയെ വെടിവച്ചുപിടികൂടാന് വനംവകുപ്പിന് മന്ത്രി നിര്ദാശം നല്‍കിയെങ്കിലും ഒന്നില്‍ കൂടുതല്‍ കടുവയുള്ളതിനാല് ഏതു കടുവയെയാണ് വെടിവയ്ക്കുക എന്ന കാര്യത്തില്‍ ധാരണയില്ല. പനവല്ലിയിലെ ഭൂമിശാസ്ത്രമറിയാതെ ജനവാസ മേഖലയില്‍ കടുവയെ തിരയുന്നതും പ്രദേശവാസികളില്‍ ആശങ്കയുണ്ടാക്കുന്നു. കടുവക്കായുള്ള വനംവകുപ്പിന്റെ തിരച്ചില്‍ പ്രഹസനമാകുന്നതായും ആക്ഷേപമുണ്ട്.
പനവല്ലിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ച കടുവകളെ പിടികൂടി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍. അതേസമയം വനംവകുപ്പ് ഓഫിസിന് മുന്നിലെ സർവകക്ഷി ഉപരോധം മാറ്റിവെച്ചു. ഒരാഴ്ചക്കുള്ളിൽ കടുവയെ മയക്കുവെടിവെച്ച് പിടികൂടുമെന്ന ഉറപ്പിലാണ് ഉപരോധം മാറ്റിയത്. ഈ കാലയളവിനുള്ളിൽ പ്രദേശത്തെ സ്വകാര്യ തോട്ടങ്ങളിലെ കാടുകൾ വെട്ടിനീക്കാൻ വനംവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.