കോവിഡ് ക്വാറൻറീൻ സൗകര്യം: ലോഡ്ജ് ഉടമകളെ ദുരന്തനിവാരണ അതോറിറ്റി വഞ്ചിച്ചതായി ആരോപണം
text_fieldsമാനന്തവാടി: കോവിഡ് പടർന്നപ്പോൾ ക്വാറൻറീൻ സൗകര്യം നൽകിയ ജില്ലയിലെ ലോഡ്ജ് ഉടമകളെ ജില്ല ദുരന്തനിവാരണ അതോറിറ്റി വഞ്ചിച്ചതായി ആരോപണം. കഴിഞ്ഞ മാർച്ച് മുതൽ ലോഡ്ജുകൾ ഏറ്റെടുത്തിരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 2020 ജൂൺ 25ന് ഇറക്കിയ ഉത്തരവ് പ്രകാരം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഏറ്റെടുത്ത സ്ഥാപനങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ നിർദേശം നൽകിയിരുന്നു. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പ്രകാരം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ സ്ഥാപനങ്ങൾക്ക് 500 മുതൽ 1500 രൂപ വരെ നൽകണമെന്നായിരുന്നു നിർദേശം. എന്നാൽ, ജില്ല ദുരന്തനിവാരണ അധികൃതർ നൽകിയത് മുറി ഒന്നിന് പ്രതിദിനം 33 രൂപ വീതമാണ്.
ജില്ലയിലെ ഏറ്റവും മുന്തിയ ഹോട്ടലുകളാണ് ആരോഗ്യ പ്രവർത്തകർക്ക് താമസിക്കാനും സി.എഫ്.എൽ.ടി.സി നടത്താനും ഉപയോഗിച്ചത്. സംസ്ഥാന സർക്കാർ 10 കോടി രൂപ ജില്ലക്ക് അനുവദിച്ചിരുന്നു. ഭീമമായ നഷ്ടം ഹോട്ടലുകൾക്കുണ്ടായിട്ടുണ്ട്. ശമ്പളം നൽകാൻ സാധിക്കാത്തതിനാൽ തൊഴിലാളികളുടെ കുടുംബവും പ്രതിസന്ധിയിലാണ്. തീരുമാനം പുനഃപരിശോധിച്ച് നഷ്ടപരിഹാരം നൽകണം. അല്ലാത്ത പക്ഷം സമരപരിപാടികളിലേക്ക് നീങ്ങുമെന്നും വയനാട് ടൂറിസം അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. മനു വയനാട് സ്ക്വയർ, ബെസ്സി പാറക്കൽ, അബ്ദുറഹ്മാൻ ഗ്രീൻസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

