ബാവലിയിൽ കഞ്ചാവ് വേട്ട; നാലുപേർ അറസ്റ്റിൽ
text_fieldsബിജു അക്ഷയ് ഷൈജൽ സാദിഖ്
മാനന്തവാടി: കേരള-കർണാടക അതിർത്തിപ്രദേശമായ വയനാട് ബാവലി ഭാഗത്ത് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഒന്നരക്കിലോയോളം കഞ്ചാവ് പിടികൂടി. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനും സംഘവും നടത്തിയ പരിശോധനയിൽ നാല് കേസുകളിലായി നാല് പ്രതികളെയും ഒന്നര കിലോ കഞ്ചാവും മാരുതി കാറും കസ്റ്റഡിയിലെടുത്തു. 30 ഗ്രാം കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് കണിയാമ്പറ്റ കാരിക്കുടിയൻ കെ.എസ്. ഷൈജൽ, 100 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് കോഴിക്കോട് കക്കോടിമുക്ക് പേരടി ഇല്ലത്തുവീട്ടിൽ പി. സാദിഖ്, 400 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് കാസർകോട് കാറടുക്ക വിവേകാനന്ദ നഗർ ലക്ഷം വീട് കോളനിയിലെ ബിജു, മാരുതി കാറിൽ 800 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിനു വയനാട് പൊഴുതന അച്ചു നിവാസിൽ അക്ഷയ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തിലേക്ക് വ്യാപകമായി ലഹരിവസ്തുക്കൾ കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് നാലുപേരെയും കസ്റ്റഡിലെടുത്തത്. പരിശോധന സംഘത്തിൽ എക്സൈസ് ഓഫിസർമാരായ അനൂപ്, പ്രിൻസ്, ജോബിഷ്, നിക്കോളാസ് ജോസ് എന്നിവരുമുണ്ടായിരുന്നു.

