കനാൽ നിർമാണം തകൃതി; കക്കടവ് ജലസേചന പദ്ധതി നോക്കുകുത്തി
text_fieldsനിർമാണം നടക്കുന്ന കക്കടവ് ജലസേചന പദ്ധതിയുടെ കനാൽ
മാനന്തവാടി: നെൽകൃഷി പ്രോത്സാഹനത്തിനായി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കക്കടവിൽ നിർമിച്ച ജലസേചന പദ്ധതി നോക്കുകുത്തി. അതേസമയം, കനാൽ നിർമാണമാകട്ടെ തകൃതിയായി നടക്കുന്നു. 2018ലെ പ്രളയത്തിലാണ് പമ്പ് ഹൗസ് തകർന്നത്. പലയിടങ്ങളിലും പൈപ്പുകളും നശിച്ചു. പമ്പ് ഹൗസ് പുനർനിർമിക്കാനും സംരക്ഷണഭിത്തി കെട്ടാനും ഫണ്ട് അനുവദിക്കുകയും പ്രവൃത്തി തുടങ്ങുകയും ചെയ്തെങ്കിലും പാതിവഴിയിൽ നിലച്ചു.
തകർന്നത് മാറ്റി പുതിയത് സ്ഥാപിക്കുന്നതിനായി പൈപ്പുകൾ ഇറക്കിയിട്ട കരാറുകാരൻ നിലവിലെ പൈപ്പുകളുടെ തകരാറുകൾ പരിഹരിച്ച് ഫണ്ട് മേടിച്ചെടുത്തതായി കർഷകർ ആരോപിക്കുന്നു. അതേസമയം, കനാൽ നിർമാണ പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ചെറുകിട ജലസേചന വിഭാഗത്തിനാണ് നിർമാണ ചുമതല. കമീഷൻ കിട്ടുമെന്നതിനാലാണ് കനാൽ നിർമാണത്തിൽ മാത്രം അധികൃതർ താൽപര്യം കാണിക്കുന്നതെന്ന് ആരോപണമുണ്ട്.
പമ്പ് ഹൗസ് ഉപയോഗശൂന്യമായതോടെ ഇവിടം സാമൂഹികവിരുദ്ധരുടെ താവളമായി മാറി. കരിങ്ങാരി, കൊമ്മയാട്, പാലിയാണ, കക്കടവ് പ്രദേശങ്ങളിലെ 250ഒാളം ഏക്കർ പ്രദേശത്ത് നഞ്ച, പുഞ്ചകൃഷി ചെയ്യുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. എന്നാൽ, ഉദ്യോഗസ്ഥരുടെ ഉദാസീനത മൂലം നാലു വർഷമായി പദ്ധതി പ്രയോജനപ്പെടുത്താനായിട്ടില്ല. പദ്ധതി കർഷകർക്ക് പ്രയോജനപ്പെടുത്താൻ ജനപ്രതിനിധികൾ മുൻകൈ എടുക്കണമെന്ന് പാലിയാണ പൗരസമിതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

