മലയാള മധുരം നുകരാൻ ബിഹാറി ബാലനും
text_fieldsആദിത്യൻ മാതാപിതാക്കൾക്കൊപ്പം അംഗൻവാടി പ്രവേശനോത്സവത്തിൽ
മാനന്തവാടി: ചുറ്റും കൂടിനിൽക്കുന്ന പുതിയ കൂട്ടുകാർ എന്താണ് പറയുന്നതെന്ന് ആദിത്യന് മനസ്സിലായില്ല. എന്നാൽ, ബലൂണുകളും മിഠായികളുമായി കൂട്ടുകാർക്കൊപ്പം കൂടിയപ്പോൾ സ്നേഹത്തിെൻറ ഭാഷ മനസ്സിലാക്കാൻ പ്രയാസമുണ്ടായിരുന്നില്ല. ദേശവും ഭാഷയും സംസ്കാരവും വേറെയാണെങ്കിലും രണ്ടു വയസ്സുകാരൻ ആദിത്യരാജ് ഇനി മുതൽ കണിയാരം അംഗൻവാടിയിൽനിന്ന് മലയാളത്തിെൻറ മാധുര്യം നുകരും. ബിഹാറിലെ സെന്തുകുമാറിെൻറയും വന്ദനകുമാരിയുടെയും മകനാണ് ആദിത്യരാജ് .
പ്രവേശനോത്സവ ദിനമായ തിങ്കളാഴ്ചയാണ് ഈ കൊച്ചു മിടുക്കൻ കണിയാരം അംഗൻവാടിയുടെ അക്ഷരമുറ്റത്തേക്ക് അറിവിെൻറ മാധുര്യം നുകരാൻ രക്ഷിതാക്കളുടെ കൈപിടിച്ചെത്തിയത്. പൂക്കളും ബലൂണും കടലാസ് തൊപ്പിയും മധുരപലഹാരങ്ങളും നല്കി ആദിത്യരാജ് ഉൾപ്പെടെയുള്ള നവാഗതരെ സംഘാടകര്‍ സ്വീകരിച്ചു.
ഒമ്പതു മാസമായി കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ജോലിചെയ്യുന്ന സെന്തുകുമാർ നാലു ദിവസം മുമ്പാണ് ഭാര്യയെയും മക്കളെയും കൂട്ടി വയനാട്ടിലെത്തിയത്. 'ബിഹാറില്‍ പണമുള്ളവന് മാത്രമേ വിദ്യാഭ്യാസം ലഭിക്കു. എന്നാല്‍, കേരളത്തില്‍ അങ്ങനെയല്ല . ഇവിടെ കുട്ടികളുടെ പഠനത്തിന് സര്‍ക്കാര്‍ എല്ലാ സൗകര്യവുമൊരുക്കുന്നുണ്ടെന്ന് മനസ്സിലായി - സെന്തുകുമാര് പറഞ്ഞു. ബിഹാറില്‍ മൂന്നാം ക്ലാസ് വരെ പഠിച്ച മൂത്ത മകള്‍ അനുസുപ്രിയയേയും പൊതു വിദ്യാലയത്തിൽ ചേർത്തു പഠിപ്പിക്കാനാണ് കുടുംബത്തിെൻറ തീരുമാനം. പ്രവേശനോത്സവ ദിനത്തിൽ അംഗൻവാടിയിലെത്തിയവരെ കൗണ്‍സിലർമാരായ സുനി ഫ്രാന്‍സിസ്, ഷൈനി ജോര്‍ജ്, അംഗൻവാടി അധ്യാപിക രമണി മധു, അംഗൻവാടി വികസന സമിതിയംഗങ്ങളായ എന്‍.ആര്. അനീഷ്, എ.കെ. റൈഷാദ് , വി.കെ. ഷാജി, സുധീഷ് കണിയാരം എന്നിവര്‍ ചേർന്ന് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

