നിയമസഭ തെരഞ്ഞെടുപ്പ്; മാനന്തവാടിയിൽ ‘സാധ്യത’ സ്ഥാനാർഥികളായി
text_fieldsമാനന്തവാടി: ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ മാനന്തവാടി മണ്ഡലത്തിൽ മുന്നണികളുടെ സ്ഥാനാർഥി നിർണയ ചർച്ച സജീവം. മണ്ഡലം നിലനിർത്താൻ ഇടതുമുന്നണിയും തിരിച്ചുപിടിക്കാൻ വലതു മുന്നണിയും തന്ത്രങ്ങൾ ആവിഷ്കരിച്ചു കഴിഞ്ഞു.
നിലവിലെ എം.എൽ.എയും മന്ത്രിയുമായ ഒ.ആർ. കേളുവിന് മൂന്നാം തവണയും അവസരം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ആദ്യ തെരഞ്ഞെടുപ്പില്‍ 1307 വോട്ടിനാണ് യു.ഡി.എഫിലെ പി.കെ ജയലക്ഷ്മിയെ തോൽപിച്ചതെങ്കില്‍ രണ്ടാമത് ജലയക്ഷ്മിയുമായുള്ള മത്സരത്തില്‍ ഒ.ആര്‍. കേളുവിന്റെ ഭൂരിപക്ഷം 9282 ആയി ഉയർന്നിരുന്നു.
ഇത്തവണ കേളുവിനെ പരിഗണിക്കുന്നില്ലെങ്കിൽ മാനന്തവാടി നഗരസഭ മുൻ ചെയർമാൻ വി.ആർ. പ്രവീജ്, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിലെ ഗ്രാമ പഞ്ചായത്തംഗവുമായ അനിഷ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് ഇടതു മുന്നണി പരിഗണിക്കുന്നത്.
യു.ഡി.എഫിലാകട്ടെ സ്ഥാനാർഥികളുടെ നീണ്ട നിരയാണുള്ളത്. സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ കൂടുമാറി മാനന്തവാടിയിൽ മത്സരിക്കുമെന്ന് പ്രചാരണം ശക്തമാണ്. മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, എടവക ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിലെ ബ്ലോക്ക് പഞ്ചായത്തംഗവുമായ ഉഷ വിജയൻ, അധ്യാപക സംഘടന നേതാവ് മുരളി മാസ്റ്റർ ആയപൊയിൽ, മണിക്കുട്ടൻ പണിയൻ, കരുനാഗപ്പള്ളി സ്വദേശിയും കുറുമസമുദായാംഗവുമായ മഞ്ജു കുട്ടൻ എന്നിവരുടെ പേരുകളും യു.ഡി.എഫിന്റെ സജീവ ചർച്ചയിൽ ഉണ്ട്.
എന്നാൽ, മഞ്ജു കുട്ടനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷമാണ്. അഖിലേന്ത്യ നേതാവിന്റെ പിന്തുണയോടെ ഇദ്ദേഹം മാനന്തവാടി മണ്ഡലത്തിൽ പ്രവർത്തകരെ ഫോണിലൂടെ ബന്ധപ്പെടുന്നുണ്ട്. എന്നാൽ, കെട്ടിയിറക്കുന്ന സ്ഥാനാർഥിയെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നാണ് ഒരു വിഭാഗം കോൺഗ്രസുകാരുടെ നിലപാട്. ഇക്കാര്യത്തിൽ മുസ്‍ലിം ലീഗിന്റെ നിലപാടും നിർണായകമാകും. ബി.ജെ.പിയിലും ചർച്ച സജീവമാണ്. സുമരാമൻ, മോഹൻദാസ് തുടങ്ങിയവരുടെ പേരുകളാണ് പരിഗണനയിലുള്ളതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

