കാപ്പിക്ക് അജ്ഞാത രോഗം; ആശങ്കയിലായി കർഷകൻ
text_fieldsമാനന്തവാടി: കാപ്പിച്ചെടികൾക്ക് രോഗം ബാധിച്ചതോടെ ചെടികൾ വെട്ടിനശിപ്പിച്ച് കർഷകൻ. പാലാക്കുളി, വണ്ടന്നൂർ സണ്ണിയുടെ തോട്ടത്തിലെ ചെടികളാണ് തുടർച്ചയായി രോഗം ബാധിച്ച് നശിക്കുന്നത്.
മുമ്പുണ്ടായിരുന്ന കാപ്പിച്ചെടികൾ പ്രായക്കൂടുതലായി വിളവ് കുറഞ്ഞതോടെ ഒന്നര വർഷം മുമ്പാണ് 1000 ത്തോളം റോബസ്റ്റ കാപ്പി ചെടികൾ നട്ടുപിടിപ്പിച്ചത്. കുറച്ച് ദിവസങ്ങളായി നല്ല പുഷ്ടിയുള്ള ചെടികൾക്കെല്ലാം രോഗം ബാധിച്ച് തുടങ്ങിയിട്ടുണ്ട്. ഇലകൾക്ക് മഞ്ഞ നിറമാണ് ആദ്യ ലക്ഷണം. പിന്നീട് ഇലകൾ പൂർണമായും കരിഞ്ഞ് ഉണങ്ങുകയാണ് ചെയ്യുന്നത്.
ഇതുപോലെ തന്നെ കാപ്പി ശിഖരങ്ങൾക്കും ചുവടുകൾക്കും രോഗം ബാധിച്ച് കരിഞ്ഞു പോവുകയാണ് ചെയ്യുന്നത്. ചുവടുകളിലും ചെടികൾക്ക് മുകളിലുമെല്ലാം കീട നാശിനി തളിച്ചുവെങ്കിലും രോഗബാധ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും 200 ഓളം ചെടികൾ വെട്ടിനശിപ്പിക്കേണ്ടതായി വന്നതായും സണ്ണി പറഞ്ഞു. 25000ത്തോളം രൂപയുടെ മരുന്ന് ഇതിനോടകം തളിച്ചുകഴിഞ്ഞു. അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം, കോഫി ബോർഡ്, കൃഷി വകുപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ തോട്ടം സന്ദർശിച്ചതായും രോഗബാധ സംബന്ധിച്ച് വ്യക്തമായ നിഗമനത്തിലെത്താൻ കഴിഞ്ഞില്ലെന്നും സണ്ണി പറഞ്ഞു.
അതേസമയം പനമരം, നീർവാരം, കല്ലുവയൽ ഭാഗങ്ങളിൽ കാപ്പിയുടെ ഇല മഞ്ഞളിപ്പ് ബാധിച്ച് ചെടി നശിക്കുന്നതിന് കാരണം മീലിമുട്ട (മീലിബഗ്) അഥവാ വെള്ള മൂഞ്ഞയുടെ ആക്രമണം മൂലമാണെന്നു കോഫി ബോർഡ് അധികൃതർ അറിയിച്ചു. കാപ്പിച്ചെടിയുടെ വേരിനെ ബാധിക്കുന്ന മീലിമൂട്ട വേരിലെ നീരുറ്റിക്കുടിക്കുന്നതാണ് ഇലകൾ മഞ്ഞളിച്ച് കൊഴിഞ്ഞ് ചെടികൾ നശിക്കാൻ കാരണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഡോ. ജോർജ് ഡാനിയേൽ വ്യക്തമാക്കി.
കാപ്പിയുടെ അടിഭാഗം ഇളക്കി നടത്തിയ പരിശോധനയിലാണ് വേരിനോട് ചേർന്ന് വെളുത്ത പഞ്ഞി പോലെ കീടങ്ങളുടെ കൂട്ടം കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

