കാർഷിക യന്ത്രങ്ങളുടെ പ്രദർശന മേളക്ക് വള്ളിയൂർക്കാവിൽ തുടക്കം
text_fieldsകാര്‍ഷികോപകരണ പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം മാനന്തവാടി നഗരസഭ ചെയർപേഴ്സൻ സി.കെ. രത്നവല്ലി നിർവഹിക്കുന്നു
മാനന്തവാടി: സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന കാര്‍ഷികോപകരണ പ്രദർശന വിപണന മേളക്ക് വള്ളിയൂർക്കാവിൽ തുടക്കമായി. നഗരസഭ ചെയർപേഴ്സൻ സി.കെ. രത്നവല്ലി പ്രദർശനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു.
മേയ് ഒമ്പതുവരെ വള്ളിയൂര്‍ക്കാവ് മൈതാനത്ത് നടക്കുന്ന മേളയിൽ വയനാടിന്റെ തനത് കാര്ഷികോല്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവുമുണ്ടാകും. ഡ്രോണടക്കമുള്ള ആധുനിക കാർഷികോപകരണങ്ങളാണ് മേളയിൽ പ്രദർശനത്തിനും വിതരണത്തിനുമായെത്തുന്നത്. വിവിധ കമ്പനികളുടെ കാർഷികോപകരണങ്ങൾ 34 സ്റ്റാളുകളിലൂടെയാണ് പ്രദർശിപ്പിക്കുന്നത്.
ഡ്രോണുകൾ, ട്രാക്ടർ, ട്രില്ലർ, പമ്പുകൾ എന്നിവയാണ് മേളയുടെ പ്രധാന ആകർഷണം. സംസ്ഥാന സർക്കാറിന്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി എഫ്.പി.ഒ/ കൃഷികൂട്ടങ്ങൾക്ക് ഡ്രോണുകളും കാർഷിക യന്ത്രങ്ങളും വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച കൃഷി മന്ത്രി പി. പ്രസാദ് നിർവഹിക്കും.
ഒ.ആർ. കേളു എം.എൽ.എ അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദീഖ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കലക്ടർ ഡോ. രേണുരാജ്, ചെറുവയൽ രാമൻ എന്നിവർ പങ്കെടുക്കും.
മേളയുടെ ഭാഗമായി തിങ്കളാഴ്ച വൈകീട്ട് നാലിന് മാനന്തവാടി മുനിസിപ്പല്‍ ടൗൺ പരിസരത്ത് വിളംബര ജാഥയും ട്രാക്ടര്‍ റാലിയും നടത്തും. തുടർന്ന് മയൂരി നൃത്ത കലാകേന്ദ്രം, കല്പറ്റ, തൃക്കൈപ്പറ്റ, കമ്പളക്കാട് അവതരിപ്പിക്കുന്ന നൃത്ത സന്ധ്യയും കലാപരിപാടികളും അരങ്ങേറും.
ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് ജില്ലയിലെ യുവ കര്‍ഷകര്‍ക്കായി നൂതന കാര്‍ഷിക യന്ത്രങ്ങളെപ്പറ്റിയും നൂതന ജലസേചന രീതികളെപ്പറ്റിയുമുള്ള സെമിനാറും ചര്‍ച്ചയും സംഘടിപ്പിക്കും. പരിപാടിയിൽ പങ്കെടുക്കുന്ന പൊതുജനങ്ങൾക്ക് നറുക്കെടുപ്പിലൂടെ വയനാട്ടിലെ എസ്.എം.എ.എം ഡീലർമാർ സ്പോൺസർ ചെയ്യുന്ന നാലു ലക്ഷം രൂപയുടെ കാർഷിക യന്ത്രങ്ങൾ സമ്മാനമായി വിതരണം ചെയ്യും.
വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർ പി.എം. ബെന്നി, അസി. എക്സി. എൻജിനീയർ എം. ഹാജ ഷെരീഫ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ. കെ. അനിൽകുമാർ, ഇ.ജെ. ബാബു എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ, കാർഷിക പ്രതിനിധികൾ, വകുപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

