ജിനി ചോദിക്കുന്നു, ഇനി ഞങ്ങളെങ്ങനെ ജീവിക്കും
text_fieldsപന്നി ഫാമിനരികിൽ ജിനി ഷാജി
മാനന്തവാടി: ജിനിയും മൂന്ന് പെൺമക്കളും ഒരേസ്വരത്തിൽ ചോദിക്കുകയാണ് ഇനി ഞങ്ങൾ എങ്ങനെ ജീവിക്കുമെന്ന്.
ഏക വരുമാനമാർഗമായ പന്നികൾ ആഫ്രിക്കൻ പന്നിപ്പനി പിടിപെട്ട് ചത്ത് തീർന്നതോടെയാണ് കണിയാരം വലിയ കണ്ടിക്കുന്ന് കൊളവയൽ ജിനി ഷാജി (37) പ്രതിസന്ധിയിലായത്. 43 പന്നികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരെണ്ണം ജൂൺ എട്ടിന് ചത്തു. പിന്നീട് രണ്ടും മൂന്നുമായി ചത്തു. ജൂലൈ എട്ടിനാണ് അവസാനത്തെ പന്നിയും ചത്തത്. ജൂൺ 17ന് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ സാമ്പിൾ പരിശോധന നടത്തിയെങ്കിലും രോഗം കണ്ടെത്താനായില്ല. പിന്നീട് പാലോട് നിന്നുള്ള വിദഗ്ധ സംഘം എത്തി സാമ്പിൾ ശേഖരിച്ച് ഭോപാലിലേക്ക് അയച്ചു കൊടുത്തതോടെയാണ് രോഗം കണ്ടുപിടിച്ചത്.
അരയേക്കർ സ്ഥലം മാത്രമുള്ള ഇവർ 14 വർഷമായി പന്നിവളർത്തൽ കൃഷി ചെയ്തുവരുകയായിരുന്നു. ഒന്നര വർഷം മുമ്പ് ടാക്സി ഡ്രൈവർ കൂടിയായ ഭർത്താവ് ഷാജി അസുഖത്തെ തുടർന്ന് മരിച്ചതോടെ ഫാമിന്‍റെ നടത്തിപ്പ് ജിനി ഏറ്റെടുത്തു. തീറ്റ കൊണ്ടുവരാൻ ഡ്രൈവിങ് പഠിച്ചു. എട്ട് ലക്ഷം രൂപ ബാങ്ക് വായ്പയെടുത്താണ് ഫാം തുടങ്ങിയത്. ഇപ്പോൾ 10 ലക്ഷത്തോളം രൂപ ബാങ്ക് ബാധ്യതയും കുടുംബശ്രീയിലും മറ്റുമായി രണ്ട് ലക്ഷത്തോളം രൂപ വേറെയും ബാധ്യതയുണ്ട്.
പന്നികൾ ചത്തൊടുങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തത ഉണ്ടായിട്ടില്ല. മൂന്ന് മാസം കഴിയാതെ ഫാം പ്രവർത്തിപ്പിക്കരുതെന്നാണ് മൃഗ സംരക്ഷണ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. അതുവരെ മക്കളായ അഭിന (14), അൽഡോണ (11), ആരാധ്യ (എട്ട്) എന്നിവരുടെ വിദ്യാഭ്യാസ ചെലവും വീട്ടു ചെലവും എങ്ങനെ കണ്ടെത്തുമെന്ന വേവലാതിയിലാണ് ജിനി. ഭർത്താവിന്‍റെ പിതാവ് വർക്കി കൂടെയുള്ളതാണ് ഏക ആശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

