ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയിൽ; ടി.ഇ.ഒക്ക് സസ്പെൻഷൻ
text_fieldsമാനന്തവാടി: ആദിവാസി വയോധികയുടെ മൃതദേഹം സമുദായ സ്മശാനത്തിൽ സംസ്കരിക്കാൻ ഓട്ടോറിക്ഷയിൽ കൊണ്ടുപോകേണ്ടി വന്ന സംഭവത്തിൽ മാനന്തവാടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ (ടി.ഇ.ഒ) ഒ. നൗഷാദിനെ സംസ്ഥാന പട്ടിക വർഗ വകുപ്പ് ഡയറക്ടർ സസ്പെൻഡ് ചെയ്തു.
ജോലിയിൽ കൃത്യവിലോപം കാട്ടിയെന്നും വകുപ്പിനും സർക്കാറിനും അവമതിപ്പുണ്ടാക്കിയെന്നുമുള്ള മാനന്തവാടി ടി.ഡി.ഒയുടെയും ജില്ല ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസറുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇതേ സംഭവത്തിൽ ട്രൈബൽ പ്രമോട്ടർ മഹേഷ് കുമാറിനെ സംഭവ ദിവസം തന്നെ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ട്രൈബൽ വകുപ്പിന്റെ ആംബുലൻസ് കിട്ടാത്തതിനാൽ എടവക വീട്ടിച്ചാൽ നാലു സെന്റ് കോളനിയിലെ ചുണ്ടയുടെ മൃതദേഹം മൂന്ന് കി.മീ. ദൂരമുള്ള സമുദായ ശ്മശാനത്തിലേക്ക് ഓട്ടോറിക്ഷയിൽ എത്തിച്ച് സംസ്കരിച്ചത്.

