ഒമ്പത് മണിക്കൂർ നീണ്ട ശ്രമം; കിണറ്റിൽവീണ പുലിയെ രക്ഷിച്ചു
text_fieldsമാനന്തവാടി: കിണറ്റിൽ വീണ പുലിയെ വനപാലകരും നാട്ടുകാരും പൊലീസും ചേർന്ന് മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിൽ രക്ഷപ്പെടുത്തി. മയക്കുവെടി വെക്കാതെ പുലിയെ ജീവനോടെ വലയിലാക്കി പുറത്തെത്തിച്ച് കൂട്ടിലേക്ക് മാറ്റിയ സാഹസികവും അപൂർവവുമായ ദൗത്യമാണ് ഒമ്പത് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിൽ വിജയകരമായി പൂർത്തിയാക്കിയത്. തലപ്പുഴ പുതിയിടം മൂത്തേടത്ത് ജോസിന്റെ വീടിനോട് ചേർന്ന 20 അടി താഴ്ചയുള്ള കിണറ്റിലാണ് ഏഴു വയസ്സുള്ള ആണ്പുലി വീണത്. വെള്ളിയാഴ്ച രാവിലെ 6.45ഓടെയാണ് വീട്ടുകാർ പുലിയെ കണ്ടത്.
വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി പുലിയെ രക്ഷിക്കാൻ നടപടികൾ ആരംഭിച്ചു. നോർത്ത് വയനാട് ഡി.എഫ്.ഒ മാർട്ടിൻ ലോവൽ, ബേഗൂർ റേഞ്ച് ഓഫിസർ കെ. രാകേഷ്, പേരിയ റേഞ്ച് ഓഫിസർ എം.പി. സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഓഫിസർമാരായ കെ.വി. ആനന്ദ്, ജയേഷ് ജോസ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ കിണറ്റിലെ വെള്ളം വറ്റിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു. തലപ്പുഴ പൊലീസും സ്ഥലത്തെത്തി ആവശ്യമായ സഹായം നൽകി. തുടർന്ന് തമിഴ്നാട് മുതുമലയിൽ നിന്നെത്തിയ ആർ.ആർ.ടി സംഘത്തിന്റെ സഹായത്തോടെ വൈകീട്ട് 4.15ഓടെയാണ് വനപാലകസംഘം പുലിയെ വലയിലാക്കി കരക്കുകയറ്റി കൂട്ടിലാക്കിയത്.
കിണറ്റിലേക്ക് വലയിറക്കിയശേഷം ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുലി കുടുങ്ങിയത്. വലയിൽ കുടുങ്ങിയെന്ന് ഉറപ്പാക്കിയശേഷം കിണറ്റിൽനിന്ന് പതിയെ ഉയർത്തുകയായിരുന്നു. സുൽത്താൻ ബത്തേരിയിലെ ആർ.ആർ.ടി സംഘം മൂന്നാർ ദൗത്യത്തിന് പോയതിനാൽ മയക്കുവെടിവെച്ച് പിടികൂടാൻ കഴിയാത്ത അവസ്ഥയുണ്ടായി. ഇതിനാലാണ് പുലിയെ കിണറ്റിൽനിന്ന് കയറ്റാനുള്ള നടപടി വൈകിയത്. തുടർന്നാണ് മുതുമലയിൽനിന്നുള്ള ആർ.ആർ.ടി സംഘം സ്ഥലത്തെത്തിയത്. വലയോടെയാണ് പുലിയെ കൂട്ടിലേക്ക് മാറ്റിയത്. നോർത്ത് വയനാട് വനം ഡിവിഷനു കീഴിലുള്ള മാനന്തവാടി അമ്പുകുത്തിയിലെ വനംവകുപ്പ് ഔഷധസസ്യത്തോട്ടത്തിൽ എത്തിച്ച് പുലിയെ നിരീക്ഷിച്ചു. തുടർന്ന് കൂട്ടിൽനിന്ന് വല ഒഴിവാക്കി. കിണറ്റിൽ വീണ പുലിക്ക് കാര്യമായ പരിക്കൊന്നും കണ്ടെത്താനായില്ല. ഏറെനേരം വെള്ളത്തിൽ കിടന്നതിന്റെ അവശത മാത്രമാണുണ്ടായിരുന്നത്. പ്രാഥമിക ശുശ്രൂഷ നൽകിയശേഷം സുൽത്താൻ ബത്തേരി പച്ചാടിയിലുള്ള വന്യമൃഗ പരിചരണ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

