വനം വകുപ്പിൽ അഞ്ചുവർഷമായി ഒരേ ഓഫിസിൽ 133 പേർ
text_fields
മാനന്തവാടി: ജില്ലയിൽ വനം വകുപ്പിൽ അഞ്ച് വർഷത്തിലധികമായി ഒരേ ഓഫിസിൽ ജോലി ചെയ്യുന്നത് 133 പേർ. നിയമസഭയിൽ ഒ.ആർ. കേളു എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായാണ് വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.
ക്ലർക്ക്, സീനിയർ ക്ലർക്ക് മൂന്ന്, ബീറ്റ് ഫോറസ്റ്റ് ഓഫിസർ മൂന്ന്, ട്രൈബൽ വാച്ചർ 37, ഓഫിസ് അറ്റൻഡൻറ് രണ്ട് എന്നീ തസ്തികകളിലായി സൗത്ത് വയനാട് ഡിവിഷനിൽ 45 പേരും യഥാക്രമം മൂന്ന്, അഞ്ച്, 26 എന്നിങ്ങനെ നോർത്ത് വയനാട് ഡിവിഷനിൽ 34 പേരും ഒന്ന്, അഞ്ച്, 42, മൂന്ന് എന്നിങ്ങനെ വയനാട് വൈൽഡ് ലൈഫ് ഡിവിഷനിൽ 51 പേരും മാനന്തവാടി റേഞ്ചിൽ ഓഫിസ് അറ്റൻഡൻറ് തസ്തികയിൽ ഒരാളും ബേഗൂർ റേഞ്ചിൽ രണ്ടുപേരുമാണ് ഒരേ ഓഫിസിൽ അഞ്ചുവർഷത്തിലധികമായി ജോലി ചെയ്യുന്നത്.
2017ലെ ഉത്തരവ് പ്രകാരം, പ്രത്യേക സ്റ്റേഷനിൽ മൂന്ന് വർഷത്തെ സേവനം പൂർത്തിയാക്കിയെന്ന കാരണത്താൽ ഒരാളെ സ്ഥലം മാറ്റേണ്ടതില്ലെന്നും മറ്റൊരു സ്റ്റേഷനിൽ മൂന്ന് വർഷം പൂർത്തിയാക്കിയ അപേക്ഷകൻ ആ സ്റ്റേഷനിൽ സ്ഥലംമാറ്റം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ മാത്രം മാറ്റിയാൽ മതിയാകുമെന്നും എന്നാൽ, മൂന്ന് വർഷത്തിനപ്പുറം ഒരു ജീവനക്കാരനെയും ഒരു തസ്തികയിൽ അല്ലെങ്കിൽ ഒരു സെക്ഷനിൽ തുടരുന്നതിന് അനുവദിക്കേണ്ടതില്ലെന്നും മറുപടിയിൽ പരാമർശിക്കുന്നുണ്ട്.
ജീവനക്കാരെ അതേ സ്റ്റേഷനിലെയോ ഓഫിസിലെയോ സെക്ഷനുകളിലെയോ മറ്റു സീറ്റിലേക്കോ സ്റ്റേഷനുകളിലേക്കോ സ്ഥലം മാറ്റണ്ടേതാണെന്നും വ്യക്തമാക്കുന്നുണ്ട്. ഇതാണ് ജില്ലയിൽ നടപ്പാവാത്തത്. ജില്ലയിലെ റവന്യൂ വകുപ്പിൽ 112 ജീവനക്കാർ ഒരേ ഓഫിസിൽ അഞ്ച് വർഷത്തിലധികമായി ജോലി ചെയ്യുന്നതായി വകുപ്പ് മന്ത്രിയും വ്യക്തമാക്കിയിരുന്നു. മറ്റ് വകുപ്പുകളിലും ഇതേ പ്രവണത വർഷങ്ങളായി തുടരുന്നതായും ആരോപണമുയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

