ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപനയും; ഒരാൾകൂടി പിടിയിൽ
text_fieldsമുഹമ്മദ് ഷമീം
സുൽത്താൻ ബത്തേരി: ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും തടയുന്നതിനായുള്ള നടപടികൾ കടുപ്പിച്ച് വയനാട് പോലീസ്. നിരന്തരം ലഹരി കേസുകളിൽ ഉൾപ്പെടുന്നവരെ പിറ്റ് എൻ.ഡി.പി.എസ് ആക്ട് പ്രകാരം തടങ്കലിലടക്കും.
ഇതിന്റെ ഭാഗമായി മലപ്പുറം ചെലേമ്പ്ര ചെറുകാവ് പുതിയ കളത്തിൽ വീട്ടിൽ പി. മുഹമ്മദ് ഷമീമിനെ (26) ബത്തേരി പൊലീസ് പിടികൂടി ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി. ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി സമർപ്പിച്ച റിപ്പോർട്ടിലാണ് ആഭ്യന്തര വകുപ്പ് ഒരു വർഷത്തെ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഷമീമിനെ കരിപ്പൂരിൽവെച്ച് ബത്തേരി പൊലീസ് സബ് ഇൻസ്പെക്ടർ കെ.കെ. സോബിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. നടപടി ക്രമങ്ങൾക്ക് ശേഷം ഇയാളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. ഷമീം ബത്തേരി സ്റ്റേഷനിലും കരിപ്പൂർ സ്റ്റേഷനിലും ലഹരിക്കേസുകളിൽ ഉൾപ്പെട്ടയാളാണ്.
2024 ഡിസംബറിൽ മുത്തങ്ങയിൽ വെച്ച് 54.09 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികമായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ കരുതൽതടങ്കലിൽ വെക്കാവുന്നതിനുമുള്ള നിയമമാണ് പിറ്റ് എൻ.ഡി.പി.എസ് നിയമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

