ചുണ്ടേലിൽ ഭീതിപരത്തിയ പുലി കൂട്ടിലായി
text_fieldsചുണ്ടേൽ: ദിവസങ്ങളായി ചുണ്ടേൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ ആൺപുലി ഒടുവിൽ കൂട്ടിലായി. ചേലോട് എസ്റ്റേറ്റിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ചൊവ്വാഴ്ച പുലർച്ചെ പുലി വീണത്. പുലിയെ കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. രാവിലെ 7.30ഓടെ കൂട് സ്ഥാപിച്ച ഏഴാം നമ്പർ ഭാഗത്ത് പരിശോധനക്ക് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കൂട്ടിൽ അകപ്പെട്ട നിലയിൽ പുലിയെ കണ്ടത്.
തിങ്കളാഴ്ച രാത്രി പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ആരോഗ്യനില പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. മേപ്പാടി റേഞ്ച് ഓഫിസർ കെ വി ബിജു, വൈത്തിരി ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ കെ പി ശ്രീജിത്ത് എന്നിവരെത്തിയാണ് തുടർ നടപടി സ്വീകരിച്ചത്. ജനവാസ മേഖലയിൽ ഇടയ്ക്കിടെ വളർത്തുമൃഗങ്ങളെ ആക്രമിച്ച പുലി കൂട്ടിൽ അകപ്പെട്ടതോടെ പ്രദേശവാസികളുടെ ഭീതി ഒഴിവായി.
ചേലോടും പരിസരപ്രദേശങ്ങളിലും പുലിയിറങ്ങി വളർത്തു നായകളെ പിടികൂടിയിരുന്നു. ചുണ്ടവയൽ, ഒലിവുമല, കരിമ്പിൻകണ്ടി, തളിമല, വട്ടപ്പാറ, കരടി വളവ് എന്നിവിടങ്ങളിലും പുലിയുടെ സാന്നിധ്യം ഉണ്ടായതോടെയാണ് വെള്ളിയാഴ്ച ഉച്ചയോടെ പുലിയെ പിടികൂടാനായി കൂടുവെച്ചത്. പ്രദേശത്ത് കാമറകൾ സ്ഥാപിച്ച് നിരീക്ഷണമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

