തോമാട്ടുചാലിൽ ഇത്തവണ പോരാട്ടം കനക്കും
text_fieldsവി.എൻ. ശശീന്ദ്രൻ, പി.വി. വേണുഗോപാൽ
കൽപറ്റ: ജില്ല പഞ്ചായത്ത് തോമാട്ടുചാൽ ഡിവിഷൻ കോൺഗ്രസിന്റെ കുത്തക സീറ്റാണെങ്കിലും ഇത്തവണ പോരാട്ടം കനക്കുമെന്നുറപ്പ്. വിമതനായി മത്സരിക്കാനിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ അവസാന നിമിഷം നാമനിർദേശ പത്രിക പിൻവലിച്ചത് കോൺഗ്രസിന് വലിയ ആശ്വാസം നൽകുന്നതാണെങ്കിലും കോൺഗ്രസ് നേതാവ് തന്നെ എൽ.ഡി.എഫ് ജില്ല സ്ഥാനാർഥിയായത് യു.ഡി.എഫിനെ ബാധിക്കുമോയെന്നാണ് പലരും ഉറ്റുനോക്കുന്നത്.
കൽപറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്ന പി.വി. വേണുഗോപാലാണ് ജില്ല പഞ്ചായത്ത് തോമാട്ടുചാൽ ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർഥിയായത്. അന്തരിച്ച മുൻ കോൺഗ്രസ് നേതാവ് പി.വി. ബാലചന്ദ്രന്റെ സഹോദരൻ കൂടിയായ വേണുഗോപാൽ സ്ഥാനാർഥി പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് ആർ.ജെ.ഡിയിൽ ചേർന്നതും എൽ.ഡി.എഫ് സ്ഥാനാർഥി ആവുന്നതും. അതേ സമയം, യു.ഡി.എഫിന്റെ ഉറച്ച സീറ്റായ തോമാട്ടുചാലിൽ മുൻ കോൺഗ്രസ് നേതാവിന്റെ കളം മാറി ചവിട്ടൽ ഒരു നിലക്കും ഭീഷണി ആവില്ലെന്നാണ് യു.ഡി.എഫ് വൃത്തങ്ങൾ പറയുന്നത്.
യു.ഡി.എഫിനു വേണ്ടി കോൺഗ്രസിലെ വി.എൻ. ശശീന്ദ്രനെ പാർട്ടി രംഗത്തിറക്കിയപ്പോൾ പി.വി. വേണു ഗോപാലിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കിയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയത്. ബി.ജെ.പി നേതാവ് കെ. സദാനന്ദനാണ് ഇവിടെ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത്. കൂടാതെ എസ്.ഡി.പി.ഐയുടെ ജാഫർ, ആം ആദ്മി പാർട്ടിയുടെ എൻ. സൽമാൻ എന്നിവരും മത്സര രംഗത്തുണ്ട്. കഴിഞ്ഞ തവണ കോൺഗ്രസിലെ സീതാ വിജയൻ വിജയിച്ച ഡിവിഷൻ എന്നും കോൺഗ്രസിനൊപ്പമായിരുന്നു നിലകൊണ്ടത്. ഇരു മുന്നണികളും വിജയപ്രതീക്ഷയിലാണെങ്കിലും നിലവിലെ കണക്കുകള്‍ പരിശോധിച്ചാല്‍ യു.ഡി.എഫിന് അനുകൂലമാണ് ഡിവിഷന്. ഏതായായും അനിശ്ചിതത്വത്തിനെല്ലാം വിരാമമിട്ട് സ്ഥാനാർഥികളെല്ലാം പോരാട്ടത്തിന് ഗോദയിൽ ഇറങ്ങിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

