യു.ഡി.എഫ് കോട്ട തകർക്കാൻ ഇത്തവണയും എൽ.ഡി.എഫിനായില്ല
text_fieldsപുൽപള്ളി: മുള്ളൻകൊല്ലയിലെ യു.ഡി.എഫ് കോട്ട തകർക്കാൻ ഇത്തവണയും എൽ.ഡി.എഫിനായില്ല. ആകെയുള്ള 19 വാർഡുകളിൽ 13 എണ്ണത്തിലും യു.ഡി.എഫ് വിജയിച്ചു. എൽ.ഡി.എഫിന് മൂന്നു സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകളുടെ എണ്ണത്തിൽ കുറവുമുണ്ടായി. ജോസ് നെല്ലേടത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഇതിനെത്തുടർന്ന് നിലവിലുള്ള മണ്ഡലം കമ്മിറ്റിയെ മരവിപ്പിച്ചാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയത്. എൽ.ഡി.എഫ് കോൺഗ്രസിലെ ഗ്രൂപ് വഴക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രചാരണ വിഷയമാക്കി. എന്നാൽ, ഇതെല്ലാം വോട്ടർമാർ തള്ളിയതോടെ മികച്ച പ്രകടനമാണ് കോൺഗ്രസ് കാഴ്ചവെച്ചത്.
ജില്ല പഞ്ചായത്ത് ഡിവിഷനിൽ കോൺഗ്രസിലെ ഗിരിജാ കൃഷ്ണനും വിജയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പാടിച്ചിറ ഡിവിഷനിൽ കോൺഗ്രസിലെ വർഗീസ് മുരിയൻകാവിലാണ് വിജയിച്ചത്. മുള്ളൻകൊല്ലി ഡിവിഷനിൽ കോൺഗ്രസിലെ സുമ ബിനീഷും വിജയിച്ചു. ഒരു സീറ്റിൽ എൻ.ഡി.എയും മറ്റൊന്നിൽ സ്വതന്ത്രനും വിജയിച്ചു. കോൺഗ്രസ് വിമതനായി മത്സരിച്ച ജോസ് കണ്ടംതുരുത്തിയാണ് വിജയിച്ചത്. മുള്ളൻകൊല്ലി വാർഡിൽ ആം ആദ്മി പാർട്ടി ഒരു സീറ്റ് കരസ്ഥമാക്കി. വിജയത്തിൽ മുള്ളൻകൊല്ലി പഞ്ചായത്തിൽ യു.ഡി.എഫ് ആഹ്ലാദ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

