വിഭാഗീയതയും ബ്രഹ്മഗിരിയും സി.പി.എമ്മിന് തിരിച്ചടിയാകും
text_fieldsകൽപറ്റ: തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയിലെ വിഭാഗീയതയും ബ്രഹ്മഗിരി സൊസൈറ്റിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും സി.പി.എമ്മിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ. കഴിഞ്ഞ ഡിസംബറിൽ നടന്ന ജില്ല സമ്മേളനത്തിൽ സി.പി.എം ജില്ല സെക്രട്ടറിയായി കെ. റഫീഖ് അട്ടിമറിയിയിലൂടെ തെരഞ്ഞെടുക്കപ്പട്ടതോടെ രൂക്ഷമായ വിഭാഗീയത തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. പുതിയ ജില്ല സെക്രട്ടറി അധികാരമാറ്റ ശേഷം ജില്ലയിലെ പല ഏരിയകളിലും വിഭാഗീയത രൂക്ഷമാകുകയും തുടർന്ന് നേതാക്കൾക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
ഒരു ടേം കൂടി ബാക്കിയുണ്ടായിരുന്ന പി. ഗഗാറിനെ മാറ്റിയാണ് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയായിരുന്ന റഫീഖ് ജില്ല സെക്രട്ടറിയാകുന്നത്. അപ്രതീക്ഷിതമായ ഈ തിരിച്ചടി മറു വിഭാഗത്തിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിരുന്നു. വൈത്തിരി, മേപ്പാടി, പൂതാടി,മുള്ളൻ കൊല്ലി, കേണിച്ചിറ മേഖലകളിൾ ഉൾപ്പെടെ പാർട്ടിക്കുള്ളിൽ കടുത്ത അഭിപ്രായ ഭിന്നതയും പ്രതിഷേധവും ഉടലെടുക്കുയും ചെയ്തു. തുടർന്ന് കർഷകസംഘം ജില്ല പ്രസിഡന്റ് എ.വി. ജയൻ ഉൾപ്പെടെയുള്ള ഏതാനും നേതാക്കളെ തരംതാഴ്ത്തിയ നടപടിയുമുണ്ടായി.
അതോടെ വിഭാഗീയ പരസ്യ പ്രതിഷേധത്തിലെത്തുകയായിരുന്നു. നടപടി റിപ്പോർട്ട് ചെയ്യാൻ വിളിച്ച ഏരിയ കമ്മിറ്റിയിൽ നിന്ന് എ.വി. ജയൻ ഉൾപ്പെടെ നാല് നേതാക്കൾ ഇറങ്ങിപ്പോയി. തന്നെ സാമ്പത്തിക കുറ്റവാളിയായി ചിത്രീകരിച്ചത് വിഭാഗീയതയുടെ ഭാഗമാണെന്ന് ജയൻ അന്നു തന്നെ തുറന്നു പറഞ്ഞിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് പൂതാടി, കേണിച്ചിറ ലോക്കൽ കമ്മിറ്റി അംഗങ്ങൾ വിട്ടുനിന്നത് കാരണം യോഗങ്ങൾ പോലും ചേരാനായില്ല.
പി. ഗഗാറിന് ഒപ്പമുള്ള നേതാക്കളെ മാറ്റി നിർത്താനുള്ള ഔദ്യോഗിക പക്ഷത്തിന്റെ ശ്രമമാണ് വിഭാഗീയത മറനീക്കാൻ കാരണമായതെന്ന് ആരോപണമുയർന്നു. നേതൃമാറ്റത്തിനുശേഷം ജില്ലയിലുടനീളം ഗഗാറിനുമായി അടുപ്പമുള്ള നേതാക്കളെ മാറ്റിനിർത്താൻ സംഘടിത ശ്രമം നടക്കുന്നുണ്ടെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നുണ്ട്. പുതിയ ജില്ല സെക്രട്ടറിയുടെ കീഴിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിൽ കനത്ത് തിരിച്ചടി നൽകാനുള്ള ഒരുക്കങ്ങളാണ് മറുവിഭാഗം ഇപ്പോൾ നടത്തുന്നത്. മറുപക്ഷത്തെ നേതാക്കളെ തിരഞ്ഞുപിടിച്ച് തോൽപിച്ച് മറുപടി നൽകാനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടക്കുന്നതെന്നാണ് വിവരം.
വിഭാഗീയതോടൊപ്പം സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും തദ്ദേശ തെരഞ്ഞെടുപ്പിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. പാർട്ടി അംഗങ്ങളും സഹയാത്രികരും കോടികൾ നിക്ഷേപിച്ച ബ്രഹ്മഗിരി സൊസൈറ്റിയുടെ പ്രവർത്തനം നിലച്ച് നിക്ഷേപകർക്ക് പലിശ പോലും നൽകാതെ പ്രതിസന്ധിയിലായിട്ട് മൂന്ന് വർഷമായി.
സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടിട്ടും പരിഹരിക്കാൻ കഴിയാത്തത് സംസ്ഥാനത്ത് തന്നെ പാർട്ടിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. 100 കോടിയോളം രൂപയുടെ ബാധ്യതയാണ് ഇപ്പോൾ സൊസൈറ്റിക്ക് ഉള്ളത്. വോട്ട് ചോദിച്ച് സി.പി.എം സ്ഥാനാർഥികൾ വരേണ്ടന്ന് കാണിച്ച് പാർട്ടി അംഗങ്ങളായ ബ്രഹ്മഗിരിയിലെ നിക്ഷേപകർ തങ്ങളുടെ വീടുകൾക്ക് മുമ്പിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ 10 കോടി രൂപ കഴിഞ്ഞ ദിവസം അനുവദിച്ചിട്ടുണ്ടെങ്കിലും ബാധ്യത തീർക്കാൻ ഉപയോഗിക്കരുതെന്ന കർശന നിർദേശമുള്ളതിനാൽ നിക്ഷേപകരുടെ ആ പ്രതീക്ഷയും നഷ്ടപ്പെട്ടിരിക്കുകയാണ്. നൂറു കണക്കിന് പാർട്ടി കുടുംബങ്ങളെ ആത്മഹത്യയുടെ വക്കിലെത്തിച്ച സി.പി.എമ്മിനെ തെരഞ്ഞെടുപ്പിൽ പാഠം പഠിപ്പിക്കുമെന്നാണ് നിക്ഷേപകരും തൊഴിലാളികളും ഉൾപ്പടെയുള്ളവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

