സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ വായ്പ തട്ടിപ്പ്: പ്രതിഷേധം കനക്കുന്നു
text_fieldsഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീറാം ഫിനാൻസ് പുൽപള്ളി ബ്രാഞ്ചിലേക്ക് നടത്തിയ മാർച്ച്
മാനന്തവാടി: സ്വകാര്യ ധനകാര്യ സ്ഥാപനമായ ശ്രീറാം ഫൈനാൻസിൽ വൻ വായ്പ തട്ടിപ്പ് . മുമ്പ് വായ്പ എടുത്തവരുടെയും ജാമ്യം നിന്നവരുടെയും രേഖകൾ വെച്ചാണ് വായ്പ എടുത്തിരിക്കുന്നത്. മാനന്തവാടി, പനമരം, ബത്തേരി ,പുൽപള്ളി ശാഖകളിലാണ് നിലവിൽ തട്ടിപ്പ് നടന്നിരിക്കുന്നത്. 2013 മുതൽ തട്ടിപ്പ് നടന്നിരുന്നതായാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. ചിലരുടെ വായ്പകൾ കൃത്യമായി അടച്ചു തീർത്തിട്ടുണ്ട്. പലരും മറ്റ് ബാങ്കുകളെ വായ്പക്കായി സമീപിക്കുമ്പോൾ സിബിൽ സ്കോർ കുറവായതിനാൽ വായ്പ നിഷേധിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രീറാം ഫൈനാൻസിലെ ഉദ്യോഗസ്ഥർ തങ്ങളുടെ പേരിൽ വായ്പ എടുത്തതായി കണ്ടെത്തിയത്. ഇതോടെ തിങ്കളാഴ്ച വിവിധ സംഘടനകൾ പ്രതിഷേധവുമായി വിവിധ ബ്രാഞ്ചുകൾക്ക് മുന്നിൽ എത്തിയിരുന്നു. മാനന്തവാടിയിൽ യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ, ബി.ജെ.പി പ്രവർത്തകരും ടാക്സി ഡ്രൈവർമാരും പ്രതിഷേധവുമായി രംഗത്ത് വന്നു. അതേ സമയം, സാങ്കേതിക തകരാർ മൂലമുണ്ടായ പ്രശ്നങ്ങളാണെന്നും പരാതി ഉള്ളവർക്ക് ഉടൻ പരിഹാരം ഉണ്ടാക്കുന്നതായും ഒരാഴ്ചക്കകം പ്രശ്നം പൂർണമായും പരിഹരിക്കുമെന്നുമാണ് ശ്രീ റാം കമ്പിനി അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
പുൽപള്ളി: ലോൺ തട്ടിപ്പുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീറാം ഫിനാൻസിന്റെ പുൽപള്ളി ബ്രാഞ്ചിലേക്ക് മാർച്ച് നടത്തി. നേരത്തെ ഇടപാടുകൾ നടത്തിയവരും മറ്റു ലോണുകൾക്ക് ജാമ്യം നിന്നവരുമായ ആളുകളുടെ പേരിൽ അവർ പോലും അറിയാതെ ലോൺ എടുത്തതായാണ് കാണിക്കുന്നത്. ഇതുമൂലം സിബിൽ സ്കോർ കുറയുന്ന നിലയുണ്ടായിട്ടുണ്ട്.
അതുകൊണ്ട് തന്നെ പല ലോണുകൾക്കും സമീപിക്കുമ്പോൾ ലോൺ തുക കൂടുതൽ ആയി എന്ന പേര് പറഞ്ഞ് മറ്റു ബാങ്കുകൾ ലോൺ നിഷേധിക്കുകയാണ്. ഒരാഴ്ചക്കുള്ളിൽ വിഷയത്തിന് പരിഹാരം കാണുമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. സമരം ബ്ലോക്ക് സെക്രട്ടറി അജിത് കെ. ഗോപാൽ ഉദ്ഘാടനം ചെയ്തു. സി.ആർ. വിഷ്ണു, അരുൺ വി. പുരുഷോത്തമൻ,അരുൺ തമ്പി, രജിൻ കുമാർ എന്നിവർ സംസാരിച്ചു. എൻ.വി. അനീഷ് സ്വാഗതവും വിഷ്ണു സജി നന്ദിയും പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് എ.എസ്. സുജിൽ അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

