സ്മാർട്ട് പദ്ധതിയുമായി സാക്ഷരത മിഷൻ
text_fieldsസാക്ഷരത മിഷൻ സ്മാർട്ട് പദ്ധതി
കൽപറ്റ: തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന പുതിയ ‘സ്മാർട്ട്’ (ഓഫിസ് മാനേജ്മെന്റ് ആൻഡ് ഡിജിറ്റൽ സ്കിൽ കോഴ്സ്) പദ്ധതിയുമായി സംസ്ഥാന സാക്ഷരത മിഷൻ. തുല്യതാ പഠിതാക്കൾക്ക് ഓഫിസ് മാനേജ്മെന്റ്, കമ്പ്യൂട്ടർ എന്നിവയിൽ പ്രാവീണ്യം നേടി തൊഴിൽ നേടാൻ പര്യാപ്തമാക്കുന്ന കോഴ്സിൽ എല്ലാവർക്കും ചേരാം. ആറു മാസം ദൈർഘ്യമുള്ള കോഴ്സ് സംസ്ഥാനത്ത് ആദ്യം നടപ്പാക്കുന്നത് വയനാട് ജില്ലയിലാണ്.
സ്മാർട്ടിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 25 ന് കണിയാമ്പറ്റ മില്ല് മുക്കിലെ ജില്ല പഞ്ചായത്ത് പരിശീലന കേന്ദ്രത്തിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി ഒ.ആർ. കേളു നിർവഹിക്കും. സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലകളിലും തൊഴിൽ നേടുന്നതിനാവശ്യമായ കമ്പ്യൂട്ടർ പരിജ്ഞാനവും മാനേജ്മെന്റ് പരിശീലനവും ലക്ഷ്യമിട്ടാണ് പദ്ധതി. പി.എസ്.സി അംഗീകരിച്ച കോഴ്സിൽ ചേരാനുള്ള യോഗ്യത പത്താംതരം ജയവും 17 വയസ്സുമാണ്.
ഉയർന്ന പ്രായപരിധിയില്ല. പഠിതാക്കൾക്ക് ഇന്റേൺഷിപ്പിനും പ്ലേസ്മെന്റിനും സൗകര്യമുണ്ട്. 6500 രൂപയാണ് കോഴ്സ് ഫീ. സാക്ഷരത പഠിതാക്കൾക്ക് 5000 രൂപ മതി. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് ഫീസ് വേണ്ട. തുല്യത പഠിതാക്കളുടെ തൊഴിൽ പരിശീലന ആവശ്യങ്ങൾ പരിഗണിച്ചാണ് പദ്ധതി രൂപകല്പന ചെയ്തത്.
ഒരു ബാച്ചിൽ 100 പേർ ആയിരിക്കും. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ ഉച്ച ഒന്നു വരെയും, ഉച്ചയ്ക്ക് ശേഷം രണ്ടു മുതൽ അഞ്ചുവരെയുമാണ് ക്ലാസുകൾ. ശനി, ഞായർ ദിവസങ്ങളിൽ സ്പെഷ്യൽ ബാച്ചുകളുണ്ടാകും.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ മില്ല് മുക്കിലെ ജില്ലാ പഞ്ചായത്ത് പരിശീലന കേന്ദ്രത്തിലാണ് ക്ലാസ് നടക്കുക. രണ്ടാമത്തെ ക്ലാസ് തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരങ്ങാട് തയാറായി വരുന്നു. കോഴ്സിൽ ചേരാൻ ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 30 വരെരജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ കൂടുതലാണെങ്കിൽ ജില്ലയിലെ മറ്റു കേന്ദ്രങ്ങളിലും ക്ലാസുകൾ തുടങ്ങും.
ഓഫീസ് മാനേജ്മെന്റ് & അഡ്മിനിസ്ട്രേഷൻ ട്രെയിനിങ്, ഡെസ്ക്ടോപ്, പബ്ലിഷിങ് & ഓപ്പൺ സോഴ്സ് ടൂൾസ്, ഡി.ടി.പി ടൂൾസ്, ഡി.ടി.പി ടെക്നിക്സ് & ഇമേജ് എഡിറ്റിങ്, പ്രൊഡക്ഷൻ, പ്രൊജക്റ്റ് മാനേജ്മെന്റ് & പോർട്ട്ഫോളിയോ ഡെവലപ്പ്മെന്റ്, ഐ.എസ്.എം മലയാളം എന്നിവ ഉൾപ്പെട്ടതാണ് കോഴ്സ് സിലബസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

