അവർക്കിനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം; മീനങ്ങാടിയിലെ 24 വീടുകൾ ഇന്ന് കൈമാറും
text_fieldsമീനങ്ങാടി പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി യൂക്കാലി കവലയിൽ നിർമിച്ച വീടുകൾ
മീനങ്ങാടി: മീനങ്ങാടി പഞ്ചായത്തിലെ 24 കുടുംബങ്ങളുടെ സ്വന്തമായി ഭൂമിയും വാസയോഗ്യമായ വീടും എന്ന സ്വപ്നം യാഥാർഥ്യമാവുന്നു. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീടുകളുടെ താക്കോൽദാനവും സ്ഥലത്തിന്റെ ആധാര കൈമാറ്റവും വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് യൂക്കാലി കവലയിലെ ചടങ്ങിൽ നടക്കും. മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും.
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷതവഹിക്കും. ബത്തേരി രൂപത മെതാപൊലീത്ത ജോസഫ് മോര് തോമസ് സോളാര്‍ ലൈറ്റുകളുടെ സ്വിച് ഓണ്‍ നിര്‍വഹിക്കും.
തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് സോക്പിറ്റുകൾ, കമ്പോസ്റ്റ് പിറ്റുകൾ, ഇന്റർലോക്ക് പാകിയ നടപ്പാതകൾ, ഗ്രാമപഞ്ചായത്തും അനർട്ടും ശ്രേയസും ചേർന്ന് നടപ്പിലാക്കിയ സോളാർ ലൈറ്റുകൾ, സോളാർ വിൻഡ് മില്‍, ഓരോ വീടിനും പ്രത്യേകം കുടിവെള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് 41 ലക്ഷം രൂപയും ജില്ല പഞ്ചായത്ത് 13 ലക്ഷവും ഹഡ്കോയില്‍നിന്ന് ഗ്രാമപഞ്ചായത്ത് വായ്പയെടുത്ത 44 ലക്ഷവും ലൈഫ് ഭവന പദ്ധതിയുടെ സംസ്ഥാന വിഹിതമായ 44 ലക്ഷവും ചെലവഴിച്ചാണ് വീടുകൾ നിർമിച്ചത്. തൊഴിലുറപ്പ് പദ്ധതിയിൽ 54 ലക്ഷം ചെലവഴിച്ച് അടിസ്ഥാന സൗകര്യ വികസനവും 11 ലക്ഷം രൂപ ചെലവിൽ സൗരോർജ പദ്ധതിയും 29 ലക്ഷം രൂപ ചെലവഴിച്ച് ഭൂമിയും ലഭ്യമാക്കിയാണ് ഭവന സമുച്ചയം പൂർത്തീകരിച്ചത്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്, ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ, പട്ടികവര്‍ഗ വികസന ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. രേണുരാജ് തുടങ്ങിയവര്‍ ചടങ്ങിൽ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

