ജനവാസ മേഖലയിൽ വീണ്ടും പുലിഭീഷണി; പൊഴുതന നിവാസികൾ ഭീതിയിൽ
text_fieldsപൊഴുതന: പൊഴുതന പഞ്ചായത്തിലെ ജനവാസ മേഖലകളിൽ വീണ്ടും പുലിയുടെ ആക്രമണം. അച്ചൂരിൽ നിന്നും ചാത്തോത്തേക്കു പോകുന്ന പതിനഞ്ചാം നമ്പർ ഫീൽഡിൽ മേയാൻ വിട്ട പശുക്കുട്ടിയെ പുലി ആക്രമിച്ചു കൊന്നു. ഏറെ കാലമായി തുടരുന്ന പുലിയുടെ സാന്നിധ്യം മൂലം ജനങ്ങൾ ഭീതിയിലാണ്. പ്രധാന റോഡിന് സമീപത്തുണ്ടായിരുന്ന പശുക്കുട്ടിയെ ആക്രമിച്ച് കൊന്നതിനാൽ പുലി ജനവാസ കേന്ദ്രത്തിൽ തന്നെ നിലയുറപ്പിച്ചിരിക്കാമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. ആണിവയലിൽ താമസിക്കുന്ന പൊട്ടെങ്ങൽ ഷാജഹാന്റെ ഒന്നര വയസുള്ള പശുക്കുട്ടിയെയാണ് പുലി കൊന്നത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. മേയാൻ വിട്ട് 45 മിനിറ്റിന് ശേഷമാണ് പശുവിനെ പുലി പിടിച്ചത്. ചാത്തോത്ത് സ്വദേശി ബഷീർ പശുക്കുട്ടിയെ പുലി ആക്രമിക്കുന്നത് നേരിട്ട് കണ്ടെങ്കിലും രക്ഷിക്കാനായില്ല. പ്രധാന റോഡിൽനിന്ന് 15 മീറ്റർ മാറിയാണ് പുലിയുടെ ആക്രമണമുണ്ടായത്. ആളെ കണ്ട് പുലി പിന്മാറി. ഉടനെ ഉടമയെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
തൊഴിലാളികളും അച്ചൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് വിദ്യാർഥികളും പോകുന്ന വഴിയാണിത്. പുലി ഇറങ്ങിയിടത്തുനിന്നും 500 മീറ്റർ ദൂരത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. റോഡിലൂടെ സ്കൂളിലേക്ക് പോകാൻ ഭയമാണെന്ന് വിദ്യാർഥികൾ പറയുന്നു. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. പ്രദേശത്ത് രണ്ടു കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
സ്കൂളിൽ നിന്നും അച്ചൂർ പതിമൂന്ന്, ചാത്തോത്ത് ഭാഗങ്ങളിലേക്ക് പരീക്ഷ കഴിഞ്ഞ് വിദ്യാർഥികൾ തനിച്ച് മടങ്ങിപ്പോകരുതെന്നും രക്ഷിതാക്കൾ സ്കൂളിൽ വന്ന് കുട്ടികളെ കൂട്ടികൊണ്ട് പോവണമെന്നും അച്ചൂർ സ്കൂളിലെ പ്രധാനാധ്യാപകൻ അറിയിച്ചു. ആറാം മൈൽ, അച്ചൂർ, സുഗന്ധഗിരി, അമ്മാറ മേഖലകളിലാണ് വന്യജീവി ആക്രമണം അതിരൂക്ഷമായി തുടരുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടയിൽ മൂന്നോളം കർഷകരുടെ വളർത്തു മൃഗങ്ങളെയാണ് പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ പിടിച്ചത്. കാൽപാടുകൾ അടക്കം ലഭിച്ചിട്ടും പുലിയെ കൂട് വെച്ചു പിടികൂടുന്ന നടപടികൾ വൈകുന്നതിൽ പ്രതിഷേധം ശക്തമാണ്. ഒക്ടോബറിൽ അച്ചൂർ പതിമൂന്നിൽ കോഴിക്കോടൻ ശിഹാബിന്റെ പോത്തിനെ പുലി പിടിച്ചിരുന്നു.
ഇതിന്റെ രണ്ടാഴ്ച മുമ്പ് അച്ചൂർ സ്വദേശി പുലിക്കോടൻ സെയ്തിന്റെ പശുവിനെയും വന്യമൃഗം കൊന്നിരുന്നു. തോട്ടം തൊഴിലാളികൾ തിങ്ങിത്താമസിക്കുന്ന ജനവാസ കേന്ദ്രത്തിൽ പുലി ഇടക്കിടെ ഇറങ്ങുന്നതിൽ പ്രദേശവാസികൾ ഭീതിയിലാണ്. വനംവകുപ്പ് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്നാണ് ആവശ്യമുയരുന്നത്. പോസ്റ്റ്മോർട്ടത്തിനുശേഷം പശുക്കുട്ടിയെ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

