പൊലീസ് സ്റ്റേഷനിൽ മിന്നൽ ‘പരിശോധന’ക്കെത്തി പുള്ളിപ്പുലി
text_fieldsസ്റ്റേഷനുള്ളിൽ കയറിയ പുലി പുറത്തേക്കു പോകുന്നത് നോക്കി വാതിലടക്കാൻ വരുന്ന പൊലീസുകാരൻ
ഗൂഡല്ലൂർ: ഗൂഡല്ലൂർ: സ്ഥലം ഗൂഡല്ലൂർ നടുവട്ടം പൊലീസ് സ്റ്റേഷൻ. സമയം രാത്രി ഒമ്പതു മണി. സ്റ്റേഷൻ ഹൗസ് ഓഫിസർ അടക്കം പൊലീസ് ഉദ്യോഗസ്ഥരടക്കം പുറത്തുപോയ സമയത്ത് സ്റ്റേഷനിൽ മുന്നറിയിപ്പില്ലാതെ പരിശോധനക്കെത്തിയയാളെ കണ്ട് റൈറ്റർ ഞെട്ടി. തലയെടുപ്പോടെ കടന്നുവരുന്നത് മറ്റാരുമല്ല, സാക്ഷാൽ പുള്ളിപ്പുലി.
തുറന്നിട്ടിരിക്കുന്ന മുൻവാതിലിലൂടെ അകത്തെത്തിയ കക്ഷി അകത്തെ മുറിയിൽ കയറി നിരീക്ഷണം നടത്തി. എല്ലാം ഏറെ ഗൗരവത്തിൽ. ഗൂഡല്ലൂർ- ഊട്ടി ദേശീയപാതയിലെ നടുവട്ടം പൊലീസ് സ്റ്റേഷനാണ് പുള്ളിപ്പുലി മിന്നൽ പരിശോധനക്ക് തിരഞ്ഞെടുത്തത്. അകത്തെല്ലാം കയറി പരിശോധിച്ചെങ്കിലും കാര്യമായി ഒന്നും കണ്ടെത്താനാവാത്തത് കൊണ്ടാകാം ‘പരിശോധകൻ’ അൽപസമയത്തിനകം വന്ന വഴിയെ തിരിച്ചിറങ്ങി. ഇതുകണ്ടപ്പോഴാണ് റൈറ്റർക്ക് ശ്വാസം നേരെവീണത്. പുലി ഇറങ്ങിയെന്ന് വാതിൽ പാളിയിലൂടെ പാളിനോക്കി ഉറപ്പിച്ച ഇദ്ദേഹം ക്ഷണവേഗത്തിൽ വാതിലടച്ച് സ്വയം ലോക്കപ്പിലാക്കി.
ഡ്യൂട്ടിയിലുണ്ടായിരുന്ന റൈറ്റർ മാത്രമേ അപ്പോൾ സ്റ്റേഷനിൽ ഉണ്ടായിരുന്നുള്ളൂ. മറ്റ് പൊലീസുകാരെല്ലാം പുറത്ത് കാവലിനു പോയ സമയത്താണ് പുലിയെത്തിയത്. പുലിയും പൊലീസ് സ്റ്റേഷനും പാളിനോക്കുന്ന പൊലീസുകാരനും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

