ഉരുൾ ദുരന്തബാധിതരുടെ ബൂത്ത് മേപ്പാടി സ്കൂളിൽ
text_fieldsകൽപറ്റ: മുണ്ടക്കെ -ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പ്രത്യേക വാഹന സൗകര്യം ഒരുക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ദുരന്തബാധിത പ്രദേശത്തെ താമസക്കാരായിരുന്ന എഴുന്നൂറോളം പേരാണ്വാഹന സൗകര്യം ഉപയോഗപ്പെടുത്തുക. എട്ട് ബസുകള്‍ വ്യാഴാഴ്ച രാവിലെ 10നും ഉച്ചയ്ക്ക് രണ്ടിനും സര്‍വീസ് നടത്തും.
രാവിലെ 10ന് കല്‍പറ്റ സിവില്‍ സ്റ്റേഷന്‍, പഴയ ബസ് സ്റ്റാന്റ്, പുതിയ ബസ് സ്റ്റാന്റ്, വടുവന്‍ചാല്‍, വൈത്തിരി, മീനങ്ങാടി, മേപ്പാടി, കാരപ്പുഴ എന്നിവിടങ്ങളില്‍ നിന്ന് മേപ്പാടിയിലെയും ചൂരല്‍മലയിലെയും പോളിങ് ബൂത്തുകളിലേക്ക്ബസുകള്‍ പുറപ്പെടും. ഉച്ചയ്ക്ക് രണ്ടിന് കണിയാമ്പറ്റ, കല്‍പറ്റ പഴയ ബസ് സ്റ്റാന്റ്, കാപ്പംകൊല്ലി, തിനപ്പുരം, മേപ്പാടി ടൗണ്‍, നെടുംമ്പാല അമ്പലം എന്നിവിടങ്ങളില്‍ നിന്നും ബസുകള്‍ പുറപ്പെടും.
നേരത്തെ ചൂരല്‍മല ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഉണ്ടായിരുന്ന 203-ാം നമ്പര്‍ ബൂത്ത് മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറ്റിയ സാഹചര്യത്തില്‍ ചൂരല്‍മലയില്‍ നിന്ന് മേപ്പാടിയിലേക്കും വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ 10നും ഉച്ചയ്ക്ക് രണ്ടിനുമാണ് സൗജന്യ യാത്രാ ക്രമീകരണം ഒരുക്കിയിട്ടുള്ളത്.
ദുരന്ത ബാധിതര്‍ക്ക് വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി തിരികെ മടങ്ങാന്‍ സഹായകമായ വിധത്തിലാണ് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും വോട്ടര്‍മാര്‍ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും നോഡല്‍ ഓഫീസര്‍ വി.ടി ഘോളി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

