ഉരുൾ ദുരന്തം; ഒന്നര വർഷമായിട്ടും വേഗമില്ലാതെ ഗോത്ര വിഭാഗങ്ങളുടെ പുനരധിവാസം
text_fieldsഗോത്ര വിഭാഗങ്ങളുടെ പുനരധിവാസത്തിനായി സർക്കാർ ഏറ്റെടുത്ത ഭൂമി
കല്പറ്റ: ഒറ്റ രാത്രിയിൽ രണ്ടു ഗ്രാമങ്ങളെയും അനേകം മനുഷ്യരേയും പാടെ തുടച്ചു നീക്കിയ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ ദുരന്തം കഴിഞ്ഞ് ഒന്നര വര്‍ഷമായിട്ടും എങ്ങുമെത്താതെ ഗോത്ര വിഭാഗങ്ങളുടെ പുനരധിവാസം. 13 കുടുംബങ്ങള്‍ക്ക് പ്രത്യേക പുനരധിവാസമൊരുക്കാൻ സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയെങ്കിലും തുടർ നടപടികളൊന്നുമില്ലാതെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ 15 ഏക്കർ ഭൂമി ഇപ്പോഴും കാട് മൂടി കിടക്കുകയാണ്.
വെള്ളരിമല വില്ലേജില്‍ സര്‍വേ നമ്പര്‍ 126ലുള്‍പ്പെട്ട നിക്ഷിപ്ത വന ഭൂമിയായി വനം വകുപ്പ് ഏറ്റെടുത്ത പുതിയ വില്ലേജ് പരിസരത്തെ 15 ഏക്കറാണ് ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിന് ദുരന്തമുണ്ടായി ഒരു വർഷത്തിന് ശേഷം സർക്കാർ ഏറ്റെടുത്തത്. പുഞ്ചിരിമട്ടം പുതിയ വില്ലേജ് ഉന്നതികളിലെ എട്ട് കുടുംബങ്ങൾ സര്‍ക്കാര്‍ തയാറാക്കിയ ഗുണഭോക്തൃ ലിസ്റ്റിൽ രണ്ടാംഘട്ട ബി പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. എല്ലാം മഴക്കാലങ്ങളിലും താൽക്കാലികമായി മാറ്റി താമസിപ്പിക്കേണ്ടിവരുന്ന ദുരന്ത മേഖലയിലെ അട്ടമല ഏറാട്ടുകുണ്ട് ഉന്നതിയിലെ അഞ്ചു കുടുംബങ്ങളെയും ഇവര്‍ക്കൊപ്പം ചേര്‍ത്ത് 13 കുടുംബങ്ങള്‍ക്ക് പ്രത്യേക പുനരധിവാസമൊരുക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം.
പുഞ്ചിരിമട്ടം ഉന്നതിയിലെ അഞ്ചു കുടുംബങ്ങളിൽ നിന്നായി 16 പേരും ഏറാട്ടുകുണ്ട് ഉന്നതിയിലെ അഞ്ച് കുടുംബങ്ങളിലെ 32 പേരും പുതിയ വില്ലേജിലെ മൂന്ന് കുടുംബങ്ങളിൽ നിന്നുള്ള ഒമ്പത് അംഗങ്ങളെയുമാണ് പുനരധിവസിപ്പിക്കുക. ദുരന്തബാധിതരായ ഗോത്ര കുടുംബങ്ങള്‍ മിക്കവരും നിലവില്‍ ബന്ധുവീടുകളിലും മറ്റുമാണ് കഴിയുന്നത്. കഴിഞ്ഞ ജൂലൈയില്‍ മാത്രമാണ് ഇവരുടെ പുനരധിവാസത്തിനുള്ള ഭൂമി കണ്ടെത്തിയത്.
ഓരോ കുടുംബത്തിനും 10 സെന്റ് വീതം ഭൂമിയിൽ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ തയാറാക്കുന്ന ടൗണ്‍ഷിപ്പില്‍ നിർമിക്കുന്ന 1000 സ്ക്വയര്‍ ഫീറ്റ് വീട് മാതൃകയിലോ ഉന്നതിക്കാരുടെ ആവാസവ്യവസ്ഥക്ക് അനുയോജ്യമാവുന്ന വിധമോ ഏതാണോ ഉചിതമെന്ന പരിഗണനയുടെ അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പട്ടികവര്‍ഗ വികസന വകുപ്പ് അറിയിച്ചത്. എന്നാല്‍, ആറുമാസം മുമ്പ് ഭൂമി ഏറ്റെടുത്തതല്ലാതെ ഇവിടെ വീടുകൾ നിർമിക്കുന്നതിനാവശ്യമായ നടപടികളൊന്നും ആരംഭിച്ചിട്ടില്ല. സ്ഥലം അടയാളപ്പെടുത്തുക മാത്രമാണ് ഇക്കാലത്തിനിടക്ക് ചെയ്തിട്ടുള്ളത്.
കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുമ്പോഴും മറ്റെല്ലാ കാര്യത്തിലുമെന്ന പോലെ പുനരധിവാസത്തിനന്റെ കാര്യത്തിലും ഗോത്രവിഭാഗങ്ങള്‍ അവഗണിക്കപ്പെടുകയാണെന്നാണ് ആരോപണം.
13 കുടുംബങ്ങൾക്ക് 15 ഏക്കര്‍ ഭൂമി സർക്കാർ ഏറ്റെടുത്തിട്ടും ഒരോ കുടുംബത്തിനും 10 സെന്റ് മാത്രം നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്. തീരുമാനം പുനഃപരിശോധിച്ച് ഓരോ കുടുംബത്തിനും കൃഷിക്ക് ഉൾപ്പെടെ ഒരേക്കർ വീതം നൽകണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

