റോഡ് സൗകര്യമില്ലാതെ കുറുമ കോളനി
text_fieldsകൊല്ലിവര കോളനി മൺപാത
പുൽപള്ളി: പുൽപ്പള്ളി പഞ്ചായത്തിലെ വേലിയമ്പത്തിനടുത്തുള്ള കൊല്ലിവര കുറുമ കോളനിയിലേക്ക് റോഡ് സൗകര്യം അപര്യാപ്തം. വനത്തിനുള്ളിലൂടെയാണ് കോളനിയിലേക്ക് എത്തിപ്പെടേണ്ടത്. എന്നാൽ വനാതിർത്തി കഴിഞ്ഞുള്ള ഭാഗം മുതൽ കോളനി വരെ മൺപാതയാണ്. ഈ ഭാഗം ടാർ ചെയ്യണമെന്ന ആവശ്യം അധികൃതർ പരിഗണിക്കുന്നില്ല. കോളനിയിൽ പതിനഞ്ചോളം കുടുംബങ്ങളാണ് ഉള്ളത്. ഇവർക്ക് കോളനിയിലെത്താൻ മറ്റ് മാർഗങ്ങളൊന്നുമില്ല. ഗ്രാമസഭകളിലടക്കം വർഷങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ് റോഡ് ടാറിങ്. എന്നാൽ, ഇക്കാര്യത്തിൽ നാളിതുവരെ അധികൃതർ അനുകൂലമായ നടപടിയെടുത്തിട്ടില്ല.
മഴക്കാലമായാൽ വയൽ നടുവിലൂടെയുള്ള റോഡ് ചളിക്കളമാകുന്നു. ആ സമയത്ത് സ്കൂൾ വിദ്യാർഥികളടക്കം വിദ്യാലയങ്ങളിലെത്താൻ പാടുപെടുകയാണ്. വയോജനങ്ങൾക്കും ആശുപത്രിയിലടക്കം എത്തിപ്പെടാൻ പറ്റാത്ത സാഹചര്യമാണുള്ളത്. നിരവധി രോഗികൾ കോളനിയിലുണ്ട്. വാഹനങ്ങൾ വിളിച്ചാൽ കോളനിയിലേക്ക് എത്താറില്ല.
രോഗികളെ കൊണ്ടുപോകണമെങ്കിൽ എടുത്തുകൊണ്ടുപോകേണ്ട ഗതികേടുമാണ്. 200 മീറ്ററോളം ദൂരം ടാറിങ് നടത്തിയാൽ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാൻ കഴിയും. ഗ്രാമപഞ്ചായത്തിന്റെയോ മറ്റേതെങ്കിലും ഫണ്ട് ഉപയോഗപ്പെടുത്തി റോഡ് ടാർ ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

