സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി കൂടൽക്കടവ്
text_fieldsകൽപറ്റ: ചുരുങ്ങിയ കാലത്തിനിടയിൽ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറുകയാണ് കൂടൽക്കടവ്. വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപ് സന്ദർശിക്കുന്നവർക്ക് യാതൊരു ചെലവുമില്ലാതെ എത്തിപ്പെടാൻ പറ്റുന്ന അടുത്ത പ്രദേശമാണിത്. അവധിയും കടുത്ത ചൂടും എത്തിയതോടെ കൂടൽക്കടവ് പുഴയിൽ വിനോദ സഞ്ചാരികൾ നിറയുകയാണ്. ചുറ്റും പച്ചപ്പും ഒഴുക്ക് കുറഞ്ഞ സ്ഥലങ്ങളിൽ ചെറിയ പാറക്കല്ലുകളും നിറഞ്ഞ് പ്രകൃതിഭംഗിയാല്‍ സമ്പന്നമായ പുഴയോരമാണിവിടം.]
ജലസേചന വകുപ്പിന്റെ തടയണയുള്ളതിനാൽ വെള്ളത്തിന്റെ സൗന്ദര്യവും ആവോളം ആസ്വദിക്കാം. ചുറ്റുമുള്ള കുന്നുകളുടെയും വനങ്ങളുടെയും മനോഹരമായ കാഴ്ചയും ഈ അണക്കെട്ട് നൽകുന്നു. തൊണ്ടര്‍മുടി മലയില്‍നിന്നു വരുന്ന മാനന്തവാടി പുഴയും ബാണാസുര മലയില്‍നിന്നു വരുന്ന പനമരം പുഴയും പിന്നെ കബനിയും സംഗമിക്കുന്ന ഇടമാണ് കൂടല്‍ക്കടവ്. ഓരോ സ്ഥലങ്ങളിലും അതാതു സ്ഥലപ്പേരിലാണ് കബനി അറിയപ്പെടുന്നത്. ‘സ്വന്തം പേരില്‍’ കബനി ഒഴുകിത്തുടങ്ങുന്ന സ്ഥലമാണ് കൂടല്‍ക്കടവ്.
മാനന്തവാടിപ്പുഴയും പനമരം പുഴയുമായി കബനി ഒത്തു ചേരുന്ന സ്ഥലമായതിനാലാണ് ഇതിന് ‘കൂടല്‍കടവ്’ എന്ന പേരു വന്നത്. രണ്ടു പുഴകള്‍ക്കും കുറുകേയുള്ള ഇരട്ടപ്പാലങ്ങള്‍ കൂടൽക്കടവിന്റെ പ്രത്യേകതയാണ്. കൂടല്‍ക്കടവില്‍ നിർമിച്ചിട്ടുള്ള തടയണയും ഈ ഭാഗത്തെ വീതികൂടിയ പുഴയും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നുണ്ട്.
മാനന്തവാടി, പനമരം പുഴകളുടെ സംഗമ സ്ഥാനത്തുനിന്ന് 300 മീറ്റർ മാറിയാണ് തടയണയുള്ളത്. സ്ഥിരമായി ഒരു ചെക്ക്ഡാം വേണമെന്ന നാട്ടുകാരുടെ ആവശ്യപ്രകാരം 2012ല്‍ കൂടൽക്കടവിൽ തടയണ നിർമാണം ആരംഭിച്ച് 2014ൽ പൂര്‍ത്തീകരിച്ചു. ഈ കടവില്‍ നീന്തി കുളിക്കാനും, മീൻ പിടിക്കാനുമായി ധാരാളം ആളുകളെത്താറുണ്ട്. ചൂണ്ടയും വീശുവലകളുമായി എത്തുന്നവർക്ക് എന്നും ചാകരയാണ്. പിലോപ്പി, കാട് ല, റോഹ് എന്നീ പുഴ മത്സ്യങ്ങളെ സുലഭമായി ലഭിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

