കെ.എസ്.ആർ.ടി.സി; വയനാട്ടിൽ സ്ത്രീകൾക്ക് സൗജന്യയാത്ര 172 ഓർഡിനറി സർവിസുകളിൽ
text_fieldsകൽപറ്റ: നാളെ മുതൽ കേരളത്തിൽ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യയാത്ര. സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ഗ്രാമവണ്ടി, ഫെയർസ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിൻ, ടൗൺ ടു ടൗൺ (ടി.ടി) എന്നീ വിഭാഗങ്ങളിലെ ഓർഡിനറി ബസുകളിലാണ് സൗജന്യയാത്ര നടത്താനാവുക. വയനാട്ടിൽ നിന്ന് ദിനംപ്രതി ആയിരക്കണക്കിന് സ്ത്രീകളാണ് കോഴിക്കോട്, പാലക്കാട്, തൃശൂർ ഭാഗത്തേക്കടക്കം പോകുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് നൂറുകണക്കിനാളുകളാണ് വയനാട്ടിൽ നിന്ന് ദിനേന പോകുന്നത്. മെഡിക്കൽ കോളജ് വഴി കോഴിക്കോട്ടേക്ക് നിരവധി ടി.ടി ബസുകൾ വയനാട്ടിൽ നിന്നുണ്ട്. ഈ ബസുകളിലടക്കം സൗജന്യ യാത്ര നടത്താനാകുമെന്നത് സ്ത്രീകൾക്ക് ഏറെ ആശ്വാസകരമാകും, പ്രത്യേകിച്ച കുറഞ്ഞ വരുമാനക്കാർക്ക്.
സൗജന്യ യാത്ര അനുവദിക്കുന്ന ബസുകൾ തിരിച്ചറിയാൻ ബസിന് മുന്നിൽ ‘പ്രിയദർശിനി ബസ്’ എന്ന സ്റ്റിക്കർ പതിക്കും. സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന യു.ഡി.എഫ് സർക്കാറിന്റ പദ്ധതിയുടെ പേരാണ് പ്രിയദർശിനി എന്നത്. ട്രാൻസ്ജൻഡറുകൾക്കും സൗജന്യയാത്ര നടത്താം. സൗജന്യ യാത്ര നടത്താനായി തിരിച്ചറിയൽ രേഖകൾ ഒന്നും നൽകേണ്ടതില്ല. വിദ്യാർഥിനികൾക്കും തിരിച്ചറിയൽ രേഖകൾ നൽകാതെ തന്നെ യാത്ര സൗജന്യമായിരിക്കും.
ഉൾപ്രദേശങ്ങളിലേക്കും മറ്റു ജില്ലകളിലേക്കും ഇനി സൗജന്യ യാത്ര
മറ്റ് ജില്ലകളെ അപേക്ഷിച്ച് കെ.എസ്.ആർ.ടി.സി ബസുകൾ വയനാട്ടിൽ കുറവാണ്. ജില്ലയിലെ മൂന്നു ഡിപ്പോകളിലായി ആകെ 172 ഓർഡിനറി സർവിസുകളാണ് ഉള്ളത്. ഈ ബസുകളിലൊക്കെ സൗജന്യയാത്ര നടത്താനാകും. കൽപറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി ഡിപ്പോകളിലായി സർവിസ് നടത്തുന്ന ടി.ടി സർവിസുകളിലും സൗജന്യ യാത്ര ലഭ്യമാകും. ടി.ടി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ഓർഡിനറി സർവിസുകളിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇതിനാൽ വയനാട്ടിൽ നിന്ന് ദീർഘദൂര യാത്രയടക്കം സ്ത്രീകൾക്ക് സൗജന്യമാകും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലേക്ക് വയനാട്ടിൽനിന്ന് ഓടുന്ന ടി.ടി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും ഓർഡിനറി ഗണത്തിലുള്ളതാണ്.
മാനന്തവാടി ഡിപ്പോയിൽ നിന്ന് കോഴിക്കോട്ടേക്ക് ടി.ടി ബസുകൾ ഉൾപ്പെടെ 68 ഓർഡിനറി സർവിസുകളാണുള്ളത്. പുലർച്ച മുതൽ കോഴിക്കോട്ടേക്ക് ഇവിടെ നിന്ന് ഓർഡിനറി വിഭാഗത്തിൽപെടുന്ന ടി.ടി ബസുകളടക്കമുണ്ട്. കൽപറ്റ ഡിപ്പോയിൽ നിന്ന് ദിവസം 42 ഓർഡിനറി സർവിസുകളാണുള്ളത്.
കോഴിക്കോട്ടേക്ക് 16 എണ്ണമുണ്ട്. തൃശുർ, പാലക്കാട് എന്നിവിടങ്ങളിലേക്കുള്ള ഓർഡിനറി സർവിസുകളും ഉണ്ട്. കാഞ്ഞങ്ങാട്, തലശേരി, ഗുണ്ടൽപേട്ട് സർവിസുകളും ഓർഡിനറിയാണ്. സുൽത്താൻ ബത്തേരിയിൽ നിന്ന് കെ.എസ്.ആർ.ടി.സി ദിനംപ്രതി 59 ഓർഡിനറി സർവിസുകൾ നടത്തുന്നുണ്ട്. കോഴിക്കോട്ടേക്ക് 10 സർവിസുകളുണ്ട്. ബത്തേരയിൽ നിന്ന് ചേരമ്പാടി വഴി തൃശൂരിലേക്കുള്ള മൂന്നുസർവിസുകളും ഓർഡിനറിയാണ്. ഇതിന് പുറമേ ജില്ലക്കകത്തെ ഉൾനാടുകളിലേക്കും നിരവധി ഓർഡിനറി സർവിസുകളാണ് കെ.എസ്.ആർ.ടി.സി നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

