കെ.എസ്.ആർ.ടി.സി ഡീസൽ ക്ഷാമം; നട്ടംതിരിഞ്ഞ് യാത്രക്കാർ, ഡ്യൂട്ടിയില്ലാതെ ജീവനക്കാർ
text_fieldsകൽപറ്റ/മാനന്തവാടി: ഡീസൽ ക്ഷാമത്തെതുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി ഓർഡിനറി സർവിസുകളിൽ ഭൂരിഭാഗവും റദ്ദാക്കിയത് ജനത്തിന് ഇരുട്ടടിയായി. അധികൃതരുടെ പിടിപ്പുകേടുമൂലം ഡീസലെത്താത്തതിനാൽ സർവിസ് നടത്താനാകാതെ ജില്ലയിലെ മൂന്നു ഡിപ്പോകളിലെ ജീവനക്കാരും കൃത്യമായി ഡ്യൂട്ടി പോലും എടുക്കാനാകാതെ നിസ്സഹായരായിരിക്കുകയാണ്. അത്യാവശ്യമുള്ള ഡീസലുകൊണ്ട് ഓർഡിനറി സർവിസുകൾ പേരിനുമാത്രം ഓടിച്ചും ദീർഘദൂര സർവിസുകൾ അത്യാവശ്യം ഓടിച്ചുമാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. ഗ്രാമീണ സർവിസുകൾ ഏറക്കുറെ പൂർണമായും നിലച്ചതോടെ യാത്രക്കാർ വാഹനസൗകര്യമില്ലാതെ ബുദ്ധിമുട്ടിലായി. ദീർഘദൂര സർവിസുകൾ മുടങ്ങാതിരിക്കാൻ സ്വകാര്യ പമ്പുകളിൽനിന്ന് ഡീസലടിക്കുന്നുണ്ട്. ഞായറാഴ്ച മൂന്നു ഡിപ്പോകളിലും ഓർഡിനറി സർവിസുകൾ പൂർണമായും നിർത്തുമെന്നാണ് വിവരം. ശനിയാഴ്ച കൽപറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നീ മൂന്ന് കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽനിന്ന് ഗ്രാമീണ മേഖലകളിലേക്കുള്ളവ ഉൾപ്പെടെ ആകെ 85 സർവിസുകളാണ് റദ്ദാക്കിയത്. കൃത്യമായി ഡീസലെത്തിയില്ലെങ്കിൽ ഞായറാഴ്ചയും ഇതിലധികം സർവിസുകൾ മുടങ്ങിയേക്കും.
കല്‍പറ്റ ഡിപ്പോയില്‍നിന്ന് 20 സര്‍വിസുകളും സുല്‍ത്താന്‍ ബത്തേരിയില്‍ 18 സര്‍വിസുകളും മാനന്തവാടിയില്‍ 47 സർവിസുകളുമാണ് ശനിയാഴ്ച മുടങ്ങിയത്. മാനന്തവാടി ഡിപ്പോയിൽനിന്ന് ശനിയാഴ്ച ആകെ 13ൽ താഴെ സർവിസുകൾ മാത്രമാണ് നടത്തിയത്. സർവിസ് വെട്ടിച്ചുരുക്കിയതോടെ കെ.എസ്.ആർ.ടി.സി.യെ മാത്രം ആശ്രയിക്കുന്ന യാത്രക്കാർക്കാണ് തിരിച്ചടിയായത്. യാത്ര ക്ലേശത്തിന് പുറമെ ഇരട്ടി പണം ചെലവഴിച്ച് ടാക്സി വാഹനങ്ങളിൽ യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് യാത്രക്കാർ. മാനന്തവാടി ഡിപ്പോയിൽ ദിനംപ്രതി 5400 ലിറ്റർ ഡീസലാണ് ആവശ്യം. ഇത് സ്വകാര്യ പമ്പിൽ നിന്നാണ് അടിക്കുന്നത്. ഇവിടെയും കുടിശ്ശിക മൂലം പല തവണ ഡീസൽ നൽകിയിരുന്നില്ല.
ശനിയാഴ്ച ഒന്ന് രണ്ട് കോഴിക്കോട് സര്‍വിസുകളൊഴികെ ദീര്‍ഘദൂര സര്‍വിസുകള്‍ കാര്യമായി മുടങ്ങിയില്ല. അടിയന്തര സര്‍വിസുകള്‍ക്ക് വരുമാന തുക നല്‍കി പുറമേയുള്ള സ്വകാര്യ പമ്പുകളിൽനിന്ന് ഡീസൽ നിറക്കുന്നുണ്ട്. മൂന്നു ദിവസത്തിലധികമായി തുടരുന്ന ഡീസൽ ക്ഷാമം കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
ഓര്‍ഡിനറി സര്‍വിസുകള്‍ ഒഴിവാക്കി ദീര്‍ഘദൂര സര്‍വിസുകള്‍ നടത്താനാണ് ഡിപ്പോ അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. തിങ്കളാഴ്ചയായിരിക്കും വയനാട്ടിലേക്ക് ഇന്ധനം എത്തിക്കൂ എന്നാണ് ഡിപ്പോ അധികൃതര്‍ക്ക് ലഭിച്ച വിവരം. ട്രിപ്പുകള്‍ വെട്ടിച്ചുരുക്കാന്‍ നിര്‍ദേശിക്കുന്നതല്ലാതെ ഇന്ധന ക്ഷാമം പരിഹരിക്കാനുള്ള നീക്കം അധികൃതര്‍ സ്വീകരിക്കാത്തതിൽ ജീവനക്കാർക്കിടയിലും പ്രതിഷേധം ശക്തമാണ്. ഡീസല്‍ ലഭ്യമല്ലാത്ത പക്ഷം തൊഴിലാളികളുടെ ശമ്പളക്കാര്യത്തിലും പ്രതിസന്ധി സൃഷ്ടിക്കും. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ ഡിപ്പോകളിലെത്തിയെങ്കിലും ഡ്യൂട്ടിക്ക് കയറാന്‍ സാധിച്ചില്ല. ഓര്‍ഡിനറി സര്‍വിസുകള്‍ മുടങ്ങിയത് വിദ്യാര്‍ഥികളടക്കമുള്ള നിരവധി യാത്രക്കാരെയാണ് സാരമായി ബാധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

