കൊലയാളി കടുവയെ പിടിക്കാനായില്ല, ആശങ്ക
text_fieldsകർണാടക വനം വകുപ്പിന്റെ ക്യാമ്പിന്റെ ഭാഗത്ത് സ്ഥാപിച്ച കാമറയിൽ പതിഞ്ഞ കടുവയുടെ ദൃശ്യം
പുൽപള്ളി: പുൽപള്ളി മേഖല കടുവ ഭീതിയിൽ. പുൽപള്ളി ദേവർഗദ്ദ ഉന്നതിയിലെ മാരനെ കൊന്ന കടുവയെ പിടികൂടാൻ വനം വകുപ്പിനായില്ല. ശനിയാഴ്ചയാണ് വനത്തിൽ വിറക് ശേഖരിക്കുന്നതിനിടെ മാരനെ കടുവ കൊലപ്പെടുത്തിയത്. അതേസമയം, ആളെക്കൊല്ലി കടുവയെ മയക്കുവെടി വെക്കാൻ ഉത്തരവുണ്ട്. എന്നാൽ, ദേവർഗദ്ധക്ക് പുറമേ, മാടപ്പള്ളിക്കുന്ന്, എരിയപ്പള്ളി എന്നിവിടങ്ങളിലും കടുവ സാന്നിധ്യമുണ്ടായത് നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്. കടുവക്കായി വനംവകുപ്പ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി എരിയപ്പള്ളിയിലും കടുവയെ കണ്ടു. ജനം പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്.
പുൽപള്ളി എരിയപ്പള്ളിയിൽ തിങ്കളാഴ്ച പുലർച്ച ഒരു മണിക്കാണ് കടുവയെ കണ്ടത്. കാറിൽ ആശുപത്രിയിൽ പോകവെ വ്യാപാരിയായ ലവൻ ആണ് കടുവയെ കണ്ടത്. രാവിലെ വനപാലകർ തിരച്ചിൽ നടത്തി. മുള്ളൻകൊല്ലി പഞ്ചായത്തിലെ മാടപ്പള്ളി കുന്നിൽ ഞായറാഴ്ച വൈകീട്ടാണ് നാട്ടുകാർ കടുവയെ കണ്ടത്. വനപാലകർ പടക്കം പൊട്ടിച്ച് കടുവയെ കർണാടക വനത്തിലേക്ക് തുരത്തി. ഇവിടെയും കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം കർണാടക വനം വകുപ്പിന്റെ ക്യാമ്പിന്റെ ഭാഗത്ത് സ്ഥാപിച്ച കാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ പട്ടികയിലുള്ള കടുവയല്ല ഇതെന്നാണ് വനംവകുപ്പ് പറയുന്നത്.
സമീപകാലത്ത് കർണാടകയിലെ സർഗൂരിൽ മൂന്നുപേരെ കൊലപ്പെടുത്തിയ കടുവയെ കർണാടക വനപാലകർ പിടികൂടിയിരുന്നു. ആ കടുവയെ കേരള-കർണാടക വനാതിർത്തിൽ കൊണ്ടുവന്ന് തുറന്നുവിട്ടെന്ന് ആക്ഷേപമുണ്ട്. എന്നാൽ, മാരനെ കൊന്ന കടുവ ഇതല്ലെന്നാണ് വനംവകുപ്പ് പറയുന്നത്.
കൂട് സ്ഥാപിച്ചും പിടികൂടാനായില്ലെങ്കിൽ കടുവയെ മയക്കുവെടി വക്കാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ്. കടുവ ശല്യമുള്ള പ്രദേശങ്ങളിൽ ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് വനം വകുപ്പിന്റെ നിർദേശമുണ്ട്. പൊലീസും വനം വകുപ്പും മേഖലയിൽ പട്രോളിങ് ശക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

