മണ്ണിടിച്ചിൽ ഭീഷണി: ഇരുളം മിച്ചഭൂമി കുന്നിലെ കുടുംബങ്ങൾ ദുരിതത്തിൽ
text_fieldsഇരുളത്തെ മിച്ചഭൂമിക്കുന്നിലെ വീടുകൾക്ക് മുന്നിൽ മണ്ണിടിഞ്ഞ നിലയിൽ
പുൽപള്ളി: മണ്ണിടിച്ചിൽ ഭീഷണിയിൽ ഇരുളം മിച്ചഭൂമി കുന്നിലെ കുടുംബങ്ങൾ. ഇരുളം ടൗണിനോട് ചേർന്നാണ് പ്രദേശം. വർഷങ്ങൾക്കുമുമ്പ് സർക്കാർ മിച്ചഭൂമിയായി പതിച്ചുനൽകിയ സ്ഥലമാണിത്. 100 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഈ പ്രദേശത്തുള്ള ഇടുങ്ങിയ റോഡിെൻറ ഒരു ഭാഗം ചെങ്കുത്തായ നിലയിലാണ്. മറുഭാഗമാകട്ടെ കുത്തനെയുള്ള ഇറക്കവും. വീടുകൾ മിക്കതും റോഡിനോട് ചേർന്ന വശത്താണ്. ശക്തമായ മഴ പെയ്യുമ്പോൾ ഉയർന്ന ഭാഗങ്ങളിൽ നിന്നും വെള്ളം കുത്തിയൊലിച്ചിരുന്നു.
റോഡിനോട് ചേർന്നുകിടക്കുന്ന വീടുകൾക്ക് മുന്നിലെ മണ്ണാണ് വ്യാപകമായി ഇടിയുന്നത്. മണ്ണിടിച്ചിൽ തുടർച്ചയായതോടെ പല വീടുകൾക്കും മുറ്റം ഇല്ലാതായി. അരക്കിലോമീറ്റർ ദൂരത്ത് റോഡിന് ഇരുവശത്തും കരിങ്കൽ ഭിത്തി നിർമിച്ചാൽ മാത്രമേ മണ്ണിടിച്ചിൽ ഫലപ്രദമായി തടയാൻ കഴിയുകയുള്ളൂവെന്ന് പ്രദേശവാസികൾ പറയുന്നു. ഇതിനായി ലക്ഷങ്ങൾ ചെലവുവരും. ഈ തുക സർക്കാർ സ്കീമിൽ ഉൾപ്പെടുത്തി അനുവദിക്കണമെന്ന് പഞ്ചായത്ത് മെംബർ റിയാസ് ആവശ്യപ്പെട്ടു. നിർധന കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കൂലിപ്പണിയെടുത്താണ് ജീവിതം.