പദ്ധതികളുടെ പൂർത്തീകരണത്തിന് പിന്തുണയുമായി എം.ബി. രാജേഷ്; പദ്ധതികൾ തുടരുമെന്നും തിരുത്തലുകൾ വേണമെന്നും വി.ടി. ബൽറാം
text_fieldsതൃത്താല: തൃത്താലയിൽ കഴിഞ്ഞ അഞ്ചുവർഷം നടപ്പാക്കിയ വികസന പദ്ധതികൾക്ക് തുടർച്ചയുണ്ടാകണമെന്നും അതിന് തന്റെ പൂർണ്ണമായ ക്രിയാത്മക പിന്തുണയുണ്ടാകുമെന്നും മുൻ എം.എൽ.എ എം.ബി. രാജേഷ്. ജനവിധി അംഗീകരിക്കുന്നുവെന്നും ജയപരാജയങ്ങൾക്കപ്പുറം തൃത്താലയിൽ താൻ ഉയർത്തിയ വികസന അടയാളങ്ങൾ ജനങ്ങൾ എക്കാലവും ഓർക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇതിന് മറുപടിയുമായി രംഗത്തെത്തിയ നിയുക്ത എം.എൽ.എ വി.ടി. ബൽറാം, രാജേഷിന്റെ പിന്തുണയെ സ്വാഗതം ചെയ്യുകയും 'എൻലൈറ്റ്' ഉൾപ്പെടെയുള്ള പദ്ധതികളിലെ നല്ല കാര്യങ്ങൾ തുടരുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
തൃത്താലയിലെ റോഡുകളുടെ നവീകരണം, സ്കൂൾ കെട്ടിടങ്ങൾ, ആശുപത്രി, ഐ.ടി.ഐ, നഴ്‌സിങ് കോളജ് എന്നിവയെല്ലാം തന്റെ കാലത്തെ വലിയ നേട്ടങ്ങളായി രാജേഷ് എടുത്തുപറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട 'സുസ്ഥിര തൃത്താല' പദ്ധതിയിലൂടെ ഭൂഗർഭ ജലവിതാനം ഉയർത്താൻ സാധിച്ചത് വലിയ തൃപ്തി നൽകുന്നുവെന്നും അദ്ദേഹം കുറിച്ചു. പരാജയം ഒരു കമ്യൂണിസ്റ്റുകാരനെ സംബന്ധിച്ച് കൂടുതൽ സമരോത്സുകമായ പ്രവർത്തനങ്ങൾക്കുള്ള അവസരമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, മുൻ ഭരണകാലത്ത് വികസനത്തിന്റെ മറവിൽ നടന്ന പ്രകൃതി ചൂഷണത്തെയും അടിച്ചേൽപ്പിക്കലുകളെയും ബൽറാം രൂക്ഷമായി വിമർശിച്ചു. കഴിഞ്ഞ അഞ്ചുവർഷം തൃത്താലയിലെ കുന്നുകൾ വ്യാപകമായി ഇടിച്ചുനിരത്തപ്പെട്ടുവെന്നും ഇതിന് ഇനി എങ്ങനെ പരിഹാരം കാണുമെന്നും അദ്ദേഹം ചോദിച്ചു. റോഡുകളുടെ ശോച്യാവസ്ഥ കഴിഞ്ഞ നാലര വർഷവും തൃത്താലക്കാരുടെ വലിയ ദുരിതമായിരുന്നു. ഏകപക്ഷീയമായി നടപ്പാക്കാൻ ശ്രമിച്ച പദ്ധതികൾ പുനഃപരിശോധിക്കും.
നഴ്‌സിങി കോളജ് ഉൾപ്പെടെയുള്ളവ ഇപ്പോഴും 'സ്വപ്നാവസ്ഥ'യിലാണെന്നും അവ യാഥാർത്ഥ്യമാക്കുമെന്നും ബൽറാം മറുപടിയിൽ പറഞ്ഞു. രാജേഷിന്റെ അവകാശവാദങ്ങളോടും രാഷ്ട്രീയ പരാമർശങ്ങളോടും ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ജനങ്ങളുടെ വിധിയെഴുത്ത് തന്നെയാണല്ലോ എല്ലാത്തിന്റെയും ആകത്തുകയെന്നും അദ്ദേഹം മറുപടി പറഞ്ഞു. വികസന കാര്യങ്ങൾ നേരിൽക്കണ്ട് ചർച്ച ചെയ്യാൻ തയ്യാറാണെന്നും ബൽറാം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

