ഇത് ബസ് കയറാത്ത ‘ബസ് സ്റ്റാൻഡ്’; കാവുമന്ദം ബസ് സ്റ്റാൻഡ് നാശത്തിന്റെ വക്കിൽ
text_fieldsബസ് കയറാതായതോടെ കാടുകയറിയ കാവുമന്ദം ബസ് സ്റ്റാൻഡിലെ കാത്തിരിപ്പുകേന്ദ്രം
തരിയോട്: ഒരു പതിറ്റാണ്ട് മുമ്പ് നിർമിച്ച കാവുമന്ദം ബസ് സ്റ്റാൻഡ് നാശത്തിന്റെ വക്കിൽ. വർഷങ്ങളായി ബസുകൾ കയറാതെയായതോടെ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കെട്ടിടമാണ് നശിച്ചുകൊണ്ടിരിക്കുന്നത്. ടൗണിൽ ബസ് കാത്തിരിപ്പുകേന്ദ്രം ഇല്ലാതായതോടെ മഴയും വെയിലുംകൊണ്ട് ബസ് കാത്തുനിൽക്കേണ്ട ഗതികേടാണ് കാവുമന്ദം ടൗണിൽ എത്തുന്നവർക്ക്.
കാവുമന്ദം ടൗണിൽനിന്ന് മാനന്തവാടി ഭാഗത്തേക്കും കൽപറ്റ ഭാഗത്തേക്കുമായി നൂറുകണക്കിന് യാത്രക്കാരാണ് ദിനേന കടകൾക്ക് മുന്നിലും ഫുട്പാത്തിലും ബസ് കാത്തുനിൽക്കുന്നത്. പാർക്കിങ് സൗകര്യം കാര്യക്ഷമമാക്കാത്തതും എട്ടാംമൈൽ, കാലിക്കുനി ഭാഗങ്ങളിൽ സിഗ്നൽ ബോർഡുകൾ ഇല്ലാത്തതും ടൗണിൽ ഗതാഗതക്കുരുക്കും അപകടഭീഷണിയും പതിവാക്കിയിട്ടുണ്ട്.
വർഷങ്ങളായി ബസുകൾ കയറാതായതോടെ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് പരിസരം നാശത്തിന്റെ വക്കിലാണ്. രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയ പ്രദേശത്ത് ലഹരിവസ്തുക്കളുടെ വിൽപനകേന്ദ്രംകൂടിയാണെന്ന് പ്രദേശവാസികൾ പറയുന്നു.
2015ൽ അന്നത്തെ എം.പിയായിരുന്ന എം.ഐ. ഷാനവാസിന്റെ പ്രദേശിക ഫണ്ട് ഉപയോഗിച്ചാണ് കാവുമന്ദം അങ്ങാടിയിൽ പള്ളിക്ക് സമീപത്തായി ലക്ഷങ്ങൾ ചെലവിട്ട് രാജീവ് ഗാന്ധി മെമ്മോറിയൽ ബസ് സ്റ്റാൻഡ് നിർമിച്ചത്. കംഫർട്ട് സ്റ്റേഷൻ, ബസ് കാത്തിരിപ്പുകേന്ദ്രം, പട്ടികവർഗ വനിത വിപണന കേന്ദ്രം തുടങ്ങിയ സൗകര്യങ്ങൾ അടങ്ങുന്നതായിരുന്നു ഷോപ്പിങ് കോംപ്ലക്സ്. അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് ബസ് സ്റ്റാൻഡ് പ്രവർത്തനസജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

