ബൈരക്കുപ്പ പാലം നിർമാണത്തിന് കർണാടക സർക്കാർ അനുമതി
text_fieldsകൽപറ്റ: ബൈരക്കുപ്പ പാലം നിർമാണത്തിന് കർണാടക സർക്കാറിന്റെ എൻ.ഒ.സി (നിരാക്ഷേപ പത്രം) ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. പൊതുമരാമത്ത് മന്ത്രി, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി നടത്തിയ ചർച്ചയെതുടർന്നാണ് അനുമതി ലഭിച്ചത്. പാലം നിർമാണവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ കർണാടക സർക്കാറുമായി നേരത്തെ നടത്തിയ ചർച്ചയിൽ വിഷയം മന്ത്രിസഭ യോഗത്തിൽ ഉന്നയിച്ച് നിർദേശങ്ങൾ നൽകുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർമാണ പ്രവർത്തനത്തിന് അനുമതി ലഭിച്ചത്.
കേരളത്തിനും കർണാടകക്കുമിടയിൽ വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന അന്തർസംസ്ഥാന പാലം വയനാട് ജില്ലയിലെ പെരിക്കല്ലൂരിനെയും കുടക് ജില്ലയിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്നതാണ്. 36 വർഷം മുമ്പാണ് പാലം നിർമാണത്തിന് തറക്കല്ലിട്ടത്. തുടർന്ന് 2002 മാർച്ച് 15ന് കേന്ദ്ര ഷിപ്പിങ്, റോഡ് ഗതാഗതം, ഹൈവേ മന്ത്രാലയം പദ്ധതിക്ക് അംഗീകാരം നൽകി. കേരളത്തിന്റെ ഭാഗത്തുനിന്നുള്ള അപ്രോച്ച് റോഡ് ഇതിനകം പൂർണമായും പൂർത്തിയായി.
പദ്ധതി പൂർത്തീകരണം കർണാടകയിലെ അനുബന്ധ പാതയുടെ നിർമാണത്തെ ആശ്രയിച്ചായതിനാൽ കർണാടക പാതയിലെ അപ്രോച്ച് റോഡിന്റെ നിർമാണത്തിന് ഭൂമി ഏറ്റെടുക്കാനാവശ്യമായ പാരിസ്ഥിതിക അനുമതികൾ വേഗത്തിലാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ കർണാടക സർക്കാറിന് നേരത്തെ കത്ത് നൽകിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
പാലം യാഥാർഥ്യമായാൽ ദീർഘകാലമായുള്ള നിരവധി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. പുൽപള്ളി, സുൽത്താൻ ബത്തേരി, കൽപറ്റ, കോഴിക്കോട് ഭാഗങ്ങളുമായി മൈസൂരുവിനെയും ബംഗളൂരുവിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന ബദൽ പാതയായി പാലം പ്രവർത്തിക്കും. നിലവിൽ ദേശീയപാത 766ൽ ബന്ദിപ്പൂർ വനമേഖലയിൽ നിലവിലുള്ള രാത്രിയാത്രാ നിയന്ത്രണങ്ങൾ മറികടന്ന് ഗതാഗതം സുഗമമാക്കാനും സഹായകമാകും. ബംഗളൂരുവിനും സുൽത്താൻ ബത്തേരിക്കും ഇടയിലുള്ള യാത്രാദൂരം ഏകദേശം 40 കിലോമീറ്റർ കുറയ്ക്കുന്നതോടൊപ്പം യാത്രാസമയം ലാഭിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

