തരിയോട്: പഞ്ചായത്തിലെ കർലാട് ഇക്കോ ടൂറിസം കേന്ദ്രത്തിൽ വിനോദസഞ്ചാരികളുടെ തിരക്കേറി. മാസങ്ങളോളം അടഞ്ഞുകിടന്ന തടാകം കാണാനായി ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. 2018-19 വർഷത്തിൽ ലക്ഷങ്ങൾ മുടക്കിയാണ് കർലാട് തടാകം കൂടുതൽ സൗകര്യങ്ങളോടെ നവീകരിച്ചത്.
അയൽ ജില്ലകൾക്കുപുറമെ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള സഞ്ചാരികളും ഇവിടെ കൂടുതലായി എത്തുന്നുണ്ട്. ഉല്ലാസ ബോട്ട് യാത്രക്കൊപ്പം മുളവഞ്ചി, സാഹസിക വിനോദങ്ങളായ സ്വിപ് ലൈൻ, ആർച്ചറി എന്നീ സൗകര്യങ്ങളും കേന്ദ്രത്തിലുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. നാലു പേർക്ക് സഞ്ചാരിക്കാവുന്ന പെഡൽ ബോട്ടുകളാണുള്ളത്. മുളവഞ്ചിയിൽ 10 പേർക്ക് ഒരേസമയം കയറാനാകും. ഒരു തവണ യാത്ര ചെയ്തു കഴിഞ്ഞാൽ ബോട്ടുകളും മുളവഞ്ചിയും അണുനാശിനി ഉപയോഗിച്ച് അണുമുക്തമാക്കുന്നുണ്ട്.