കമ്പളക്കാട്-പാറത്തോട് റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരം
text_fieldsകമ്പളക്കാട് -പറളിക്കുന്ന് -മുട്ടിൽ- പാറത്തോട് റോഡ്
മുട്ടിൽ: ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കമ്പളക്കാട്-പറളിക്കുന്ന്-മുട്ടിൽ-പാറത്തോട് റോഡ്വീതി കൂട്ടണമെന്ന ആവശ്യം ശക്തമാകുന്നു. വീതി കുറവായതിനാൽ റോഡിന്റെ പലഭാഗങ്ങളിലും അപകടങ്ങൾ നിത്യസംഭവമാണ്. കമ്പളക്കാട്-മുട്ടിൽ ബൈപാസ് റോഡ് കൂടിയായതിനാൽ റോഡിലൂടെ എട്ടോളം സ്കൂൾ ബസുകളും സ്വകാര്യ ബസുകളും ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ദിനേന കടന്നു പോകുന്നത്. രണ്ടു വാഹനം ഒരേസമയം കടന്നുപോകാനുള്ള വീതി റോഡിനില്ല. പല ഭാഗത്തും റോഡ് തകർന്നിട്ടുമുണ്ട്. ഇതുകാരണം ഈ റോഡിൽ ഗതാഗതക്കുരുക്കും നിത്യ സംഭവമാണ്.
കമ്പളക്കാട് മുതൽ കൈനാട്ടി വരെ സംസ്ഥാന പാതയിൽ റോഡ് പണി നടക്കുന്നതിനാൽ കൽപറ്റ ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ ഭൂരിഭാഗവും കമ്പളക്കാട്-മുട്ടിൽ ബൈപാസ് റോഡിനെയാണ് ആശ്രയിക്കുന്നത്. ഇതു കാരണം വാഹനങ്ങളുടെ ബാഹുല്യവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 20 വർഷമായുള്ള റോഡ് ജില്ല പഞ്ചായത്തിന് കീഴിലാണ്. 2018 ൽ റോഡ് പൂർണമായും തകർന്നപ്പോൾ സംസ്ഥാന സർക്കാർ ഗ്രാമീണ റോഡ് പുനരുദ്ധാരണ സ്കീമിൽ ഉൾപ്പെടുത്തി 70 ലക്ഷം രൂപ വകയിരുത്തിയാണ് റീ ടാറിങ് നടത്തിയത്. ജില്ല പഞ്ചായത്തിന് കീഴിലുള്ള റോഡ് പൂർണമായും വീതി കൂട്ടി ഗതാഗതയോഗ്യമാക്കാൻ കഴിയുന്നില്ലെങ്കിൽ പി.ഡബ്ല്യു.ഡിക്ക് റോഡ് വിട്ടുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡിന്റെ ചില ഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞു ഗർത്തം രൂപപ്പെട്ടത് കാരണം ഗതാഗതവും ദുഷ്കരമാണ്. റോഡിലെ അശാസ്ത്രീയമായ കലുങ്ക് നിർമാണവും അപകടഭീഷണി ഉയർത്തുന്നുണ്ട്. ഓവുചാൽ സംവിധാനം ഇല്ലാത്തതിനാൽ മഴക്കാലത്ത് ഇതിലൂടെയുള്ള യാത്ര ഏറെ ദുരിതത്തിലാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

