എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളി പ്രശ്നത്തിന് പരിഹാരമില്ലെങ്കിൽ ഭൂമിയിൽ അവകാശം സ്ഥാപിക്കുമെന്ന് തൊഴിലാളികൾ
text_fieldsകൽപറ്റ: ഉരുൾദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പ് പദ്ധതി വരുന്ന കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളി പ്രശ്നങ്ങൾ മേയ് 15നകം പരിഹരിച്ചില്ലെങ്കിൽ ഭൂമിയിൽ അവകാശം സ്ഥാപിക്കുന്നതുൾപ്പെടെയുള്ള വൻപ്രക്ഷോഭങ്ങൾ നടത്തുമെന്ന് സംയുക്ത തൊഴിലാളി യൂനിയൻ. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ എസ്റ്റേറ്റ് ഭൂമിയും ഫാക്ടറിയും സർക്കാർ ഏറ്റെടുത്തതോടെ ഇവിടുത്തെ തൊഴിലാളികളെ തെരുവിൽ ഇറക്കി വിട്ടിരിക്കുകയാണ്.
276 തൊഴിലാളികളുള്ള എസ്റ്റേറ്റിലെ തൊഴിലാളി പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂനിയൻ തൊഴിൽ മന്ത്രി, റവന്യൂ മന്ത്രി ലേബർ കമ്മീഷണർ, ജില്ല കലക്ടർ എന്നിവർക്ക് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ ലേബർ കമ്മീഷണർ ഏപ്രിൽ 25ന് ചർച്ച നടത്തിയിരുന്നു.
അഡീഷണൽ ലേബർ കമ്മീഷണറും ജോയിന്റ് ലേബർ കമ്മീഷണറും പങ്കെടുത്ത ചർച്ചയിൽ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പുനൽകിയെങ്കിലും പരിഹരിച്ചില്ല.
പിന്നീട് രണ്ടു തവണയായി സബ് കലക്ടറും, ഏപ്രിൽ 19ന് ജില്ല കലക്ടറും യോഗം വിളിച്ചു. ഏപ്രിൽ 26ന് വീണ്ടും ചർച്ചചെയ്ത് വിഷയം പരിഹരിക്കുമെന്ന് പറഞ്ഞെങ്കിലും ചർച്ച നടക്കുകയോ തീരുമാനം ആവുകയോ ഉണ്ടായില്ല. ഏപ്രിൽ 21ന് വയനാടിന്റെ ചുമതലയുള്ള മന്ത്രി ഒ.ആർ. കേളു തൊഴിലാളി യൂനിയൻ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
റവന്യൂ മന്ത്രി, തൊഴിൽ മന്ത്രി എന്നിവരുടെ സംയുക്ത യോഗം ചേർന്ന് വിഷയം പരിഹരിക്കാൻ ഇടപെടാമെന്നാണ് മന്ത്രി കേളു ഉറപ്പ് നൽകിയത്. എന്നാൽ, എടുത്ത തീരുമാനങ്ങൾ ഒന്നുപോലും നടപ്പാക്കിയിട്ടില്ല.
തൊഴിലാളികൾക്ക് കുടിശിക ഇനത്തിൽ 13 കോടി രൂപയോളം ലഭിക്കാനുണ്ട്. ഇതിന് സർക്കാറും എസ്റ്റേറ്റ് ഉടമയും ഉത്തരവാദിയാണ്. ഭൂമി സർക്കാർ ഏറ്റെടുത്തപ്പോൾ തൊഴിലാളികളുടെ ജോലി സംരക്ഷിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. തൊഴിലാളികളെ താമസസ്ഥലത്തുനിന്നും ഇറക്കി വിടില്ലെന്ന് കലക്ടറും റവന്യൂ മന്ത്രിയും ഉറപ്പ് നൽകിയെങ്കിലും ഏഴു ദിവസം കൊണ്ട് താമസസ്ഥലം ഒഴിയണമെന്ന് ജീവനക്കാരുടെ കോട്ടേഴ്സുകളിൽ നോട്ടീസ് പതിച്ചു.
ഒരു കാരണവശാലും ജീവനക്കാരെ ഇറക്കിവിടാൻ അനുവദിക്കില്ല. മേയ് 15നകം പരിഹരിക്കാത്ത പക്ഷം ഭൂമിയിൽ പ്രവേശിച്ചും കുടിൽ കെട്ടിയും കടുത്ത പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ യോഗം തീരുമാനിച്ചു. എൻ. വേണുഗോപാൽ അധ്യക്ഷതവഹിച്ചു. പി. ഗഗാറിൻ, പി.പി. ആലി, എൻ.ഒ. ദേവസ്യ, യു. കരുണൻ, കെ.ടി. ബാലകൃഷ്ണൻ, ഗിരീഷ് കൽപറ്റ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

