വയനാട് ജില്ലയിൽ വീണ്ടും കാട്ടുപന്നിയുടെ ആക്രമണം
text_fieldsകൽപറ്റ: ജില്ലയിൽ വീണ്ടും കാട്ടുപന്നിയുടെ ആക്രമണം. ബൈക്ക് യാത്രികന് പരിക്കേറ്റു. നെല്ലിയമ്പം കോളനിയിലെ രാജേഷിനാണ് പരിക്കേറ്റത്. ചീഞ്ഞോട് കാറ്റാടി കവലയിലാണ് സംഭവം. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകനെ കാണുന്നതിനായി രാവിലെ ബൈക്കിൽ പോകുന്നതിനിടെ ആയിരുന്നു കാട്ടുപന്നി ആക്രമിച്ചത്.
രണ്ട് കാട്ടുപന്നികൾ റോഡിന്റെ വശത്തു നിന്നും ബൈക്കിനു മുമ്പിലേക്ക് ചാടുകയായിരുന്നു. ബൈക്കിൽ നിന്നും മറിഞ്ഞുവീണ രാജേഷിനെ പന്നികൾ ആക്രമിച്ചു. പന്നിയുടെ കുത്തേറ്റ് വലത് കൈയുടെ ഉള്ളിൽ ആഴത്തിൽ മുറിവേറ്റു. പരിക്കേറ്റ രാജേഷ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞദിവസം അയിനിമലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്കും പരിക്കേറ്റിരുന്നു.

