വയനാടൻ വിളകളും വിവരങ്ങളുമായി രാഹുലിന്റെ 'കലണ്ടര്‍'
text_fieldsകൽപറ്റ: 'നമ്മുടെ നാട്, നമ്മുടെ വിള' എന്ന് പേരിട്ട വർണമനോഹരമായ കലണ്ടറിൽ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ കാര്‍ഷിക വിളകളെ പരിചയപ്പെടുത്തി രാഹുൽ ഗാന്ധി എം.പി. വിളകളുമായി ബന്ധപ്പെട്ട സമഗ്രവിവരങ്ങൾ കലണ്ടറിലുണ്ട്. ഓരോ മാസവും ഓരോ വിളകളെ പരിചയപ്പെടുത്തുന്ന രീതിയിൽ 12 വിളകളാണ് കലണ്ടറിലെ താളുകളിൽ ക്രമീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം മണ്ഡലത്തിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തിയായിരുന്നു രാഹുലിന്റെ കലണ്ടര്‍. ഇക്കുറി 'വയനാടൻ തനിമയുടെ സൗന്ദര്യം ഒപ്പിയെടുക്കുന്ന കലണ്ടറിലെ ഉൽപന്നങ്ങൾ ഒരു ആഗോള വിപണി അർഹിക്കുന്നു' എന്ന് ആമുഖക്കുറിപ്പിൽ രാഹുൽ എഴുതുന്നു.
ഓരോ വിളയിലും വയനാടന്‍ ജനതയുടെ സ്വത്വവും ചരിത്രവും രേഖപ്പെടുത്തിയിരിക്കുന്നുവെന്നും ഈ കലണ്ടറിലെ വിളകളുടെ ചിത്രങ്ങള്‍ വയനാടന്‍ ജനതക്കുള്ള സമര്‍പ്പണമാണെന്നും രാഹുൽ കുറിച്ചിട്ടുണ്ട്. 'എന്റെ നാട്ടിലേക്ക്, വർഷങ്ങൾകൊണ്ട് എന്നെ ഈ മണ്ണിന്റെ ഭാഗമാക്കിയ എന്റെ വയനാട്ടിലേക്ക്' എല്ലാവരെയും സ്വാഗതം ചെയ്താണ് രാഹുല്‍ ഈ ആമുഖം അവസാനിപ്പിക്കുന്നത്.
പരമ്പരാഗത അറിവുകളുടെ കാവലാളുകളായ ഗോത്രസമൂഹത്തിലെ സഹോദരങ്ങൾ ശാന്തമായ സഹവർത്തിത്വം ഉറപ്പുവരുത്തി ഭൂതവും വർത്തമാനവും ഭാവിയും ചേർത്തുകൊണ്ടുപോകുന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഓരോ കൃഷിയും എത്ര ഹെക്ടര്‍ ഭൂമിയില്‍ കൃഷി ചെയ്യുന്നു, എത്ര കര്‍ഷകര്‍ കൃഷിചെയ്യുന്നു, ഉൽപാദനത്തിന്റെ അളവ്, എത്രയിനങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് ചേർത്തിട്ടുള്ളത്. ജനുവരിയില്‍ വാഴകൃഷിയും തുടർന്ന് ഇഞ്ചി, ജാതി, കാപ്പി, കുരുമുളക്, കൊക്കോ, മഞ്ഞള്‍, നെല്ല്, ഏലം, ഗ്രാമ്പു, നാളികേരം, കാട്ടുതേന്‍ എന്നിങ്ങനെയും പരിചയപ്പെടുത്തിയിട്ടുണ്ട്. കൽപറ്റയില് നടന്ന ചടങ്ങില്‍ കലണ്ടർ പ്രകാശനം ചെയ്തു. ഇംഗ്ലീഷിലും കലണ്ടര്‍ പുറത്തിറക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

