ബാക്കിയുള്ളത് 6000 പേർ; ആദ്യ സമ്പൂർണ സാക്ഷര ജില്ലയാകാൻ വയനാട്
text_fieldsന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ജില്ലതല സംഘാടക സമിതി രൂപീകരണ യോഗം ജില്ലപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു
കൽപറ്റ: ജില്ലയിലെ 15 ഗ്രാമ പഞ്ചായത്തുകളിലെയും കല്പറ്റ നഗരസഭയിലെയും 6000 പേരെ സാക്ഷരരാക്കുന്നതോടെ വയനാടിനെ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ സാക്ഷര ജില്ലയാക്കാന്‍ കഴിയുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. ജില്ല സാക്ഷരത മിഷന്റെ ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതി മൂന്നാം ഘട്ടത്തിന്റെ ജില്ലതല സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ അമ്പലവയല്‍, നൂല്‍പ്പുഴ, മീനങ്ങാടി, മേപ്പാടി, പൊഴുതന, വൈത്തിരി, തരിയോട്, പടിഞ്ഞാറത്തറ, കോട്ടത്തറ, തൊണ്ടര്‍നാട്, എടവക, തവിഞ്ഞാല്‍, പൂതാടി, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകളും കല്പറ്റ നഗരസഭയിലുമുള്ള 6000 പേരെയാണ് പദ്ധതിയുടെ ഭാഗമായി സാക്ഷരരാക്കി മാറ്റുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ചെയര്‍മാനും സാക്ഷരത മിഷന് ജില്ല കോഓഡിനേറ്റര്‍ പി. പ്രശാന്ത് കണ്‍വീനറുമായാണ് ജില്ലതല സംഘാടക സമിതി രൂപവത്കരിച്ചത്.
യോഗത്തില്‍ ജില്ല പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ് അധ്യക്ഷനായി.
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ, കോട്ടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ, ജില്ല പട്ടികജാതി വികസന ഓഫിസര്‍ ഐ.ആര്. സരിന്, പട്ടികവർഗ വികസന ഓഫിസര്‍ ജി. പ്രമോദ്, സീനിയര്‍ സൂപ്രണ്ടന്റ് ശ്രീജിത്ത് കരിങ്ങാളി, കേരള സാക്ഷരതാ പ്രേരക് അസോസിയേഷന് പ്രതിനിധി ബൈജു, ഐസക്ക്, മഹിളാ സമഖ്യ ജില്ല കോഓഡിനേറ്റര്‍ വി.ഡി. അംബിക, ദേശീയ സാക്ഷരതാ പ്രവര്‍ത്തക യൂനിയന്‍ പ്രതിനിധി ഗ്ലാഡിസ്, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ടി.പി. നസറുള്ള, പി.വി. ജാഫര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

