വയനാട് സുരക്ഷ 2023 പദ്ധതി ജില്ലയിൽ പൂർത്തിയായി
text_fieldsകൽപറ്റ: ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സുരക്ഷ 2023 പദ്ധതി ജില്ലയിൽ പൂർത്തിയായി. സുരക്ഷ 2023 പൂർത്തീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച കൽപറ്റ ഹരിതഗിരി ഹോട്ടലിൽ രാവിലെ 10ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ല കലക്ടർ ഡോ. രേണു രാജ് എന്നിവർ നടത്തും.
ജില്ലയിലെ അർഹരായ എല്ലാ കുടുംബങ്ങളെയും സാമൂഹിക സുരക്ഷ ഇൻഷുറൻസ് പദ്ധതിയിൽ കൊണ്ടുവരാനുള്ള പദ്ധതിയാണ് ‘സുരക്ഷ 2023’. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ കുടുംബങ്ങളിലെയും ഒരാളെയെങ്കിലും കേന്ദ്ര സർക്കാറിന്റെ ജീവൻ / അപകട ഇൻഷുറൻസ് പദ്ധതികളായ പി.എം.എസ്.ബി.വൈ/ പി.എം.ജെ.ജെ.ബി.വൈ എന്നിവയിൽ ചേർത്തു.
പ്രധാൻ മന്ത്രി സുരക്ഷ ബീമ യോജന, പ്രധാൻമന്ത്രി ജീവൻജ്യോതി ബീമ യോജന, അടൽ പെൻഷൻ യോജന എന്നീ സ്കീമുകളാണ് ഇതിൽ ഉൾപ്പെടുന്നത്. സുരക്ഷ പദ്ധതിയിലൂടെ വർഷത്തിൽ 20 രൂപക്ക് രണ്ടു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും 436 രൂപക്ക് രണ്ടു ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസും ലഭ്യമാക്കാൻ സാധിക്കും.
2023 ജനുവരിയിലാണ് സുരക്ഷ പദ്ധതിക്ക് ജില്ലയിൽ തുടക്കമാകുന്നത്. തുടർന്ന് ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ നബാർഡിന്റെ ധനസഹായത്തോടെ പദ്ധതിയുടെ പ്രചാരണത്തിനായി ജില്ലയിലുടനീളം തെരുവുനാടകങ്ങൾ സംഘടിപ്പിക്കുകയും റേഡിയോ മാറ്റൊലിയിലൂടെ വിവിധ സാമ്പത്തിക സാക്ഷരത പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

