കുരുക്കിൽ അടിതെറ്റി വയനാട്
text_fieldsചുരത്തിൽ തിങ്കളാഴ്ച രാവിലെ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
കൽപറ്റ: ക്രിസ്മസ് അവധിക്കാലമായതോടെ വയനാട് ജില്ലയിലെങ്ങും ഗതാഗതക്കുരുക്കാണ്. വിനോദ സഞ്ചാരികളുടെ വയനാട്ടിലേക്കുള്ള ഒഴുക്ക് തുടങ്ങിയതോടെ ദിവസങ്ങളായി അഴിയാക്കുരുക്കുതന്നെയാണ് ചുരത്തിലും ജില്ലയിലെ പ്രധാന നഗരങ്ങളിലും അനുഭവപ്പെടുന്നത്. സഞ്ചാരികളും യാത്രക്കാരും മണിക്കൂറുകളോളമാണ് പലയിടത്തും കുരുങ്ങിക്കിടക്കുന്നത്. പുതുവത്സര സീസണിൽ വാഹനബാഹുല്യം വർധിച്ചതോടെ വാഹനങ്ങൾ ചുരം കയറുന്നതും ഇറങ്ങുന്നതും മണിക്കൂറുകളെടുത്താണ്.
ചുരത്തിൽ കുടുങ്ങിയാൽ മറ്റുവഴി തേടണമെങ്കിൽ കിലോമീറ്ററുകൾ തരികെ പോകേണ്ടിവരുന്നതിനാൽ അതും അപ്രായോഗികം. കുറ്റ്യാടി ചുരം റോഡ് വീതി കുറവായതിനാലും കുത്തനെയുള്ള കയറ്റമായതിനാലും യാത്ര ദുഷ്കരമാകുമെന്നതിൽ സംശയമില്ല. ചുരത്തിലെ ഗതാഗതക്കുരുക്ക് കുറക്കാൻ വർഷങ്ങളായുള്ള നിർദേശങ്ങളും തീരുമാനങ്ങളും ഇപ്പോഴും ഫയലിൽ ഉറങ്ങുകയാണ്. വലിയ വാഹനങ്ങൾക്ക് തിരക്കുള്ള പകൽ സമയങ്ങളിൽ നിയന്തണമേർപ്പെടുത്താനുള്ള തീരുമാനം ഇപ്പോഴും നടപ്പിലാക്കിയിട്ടില്ല.
നൂറ് കണക്കിന് ഭാരവാഹനങ്ങളാണ് ഓരോ ദിവസവും ഇടതടവില്ലാതെ ചുരം കയറുന്നത്. കേടാവുന്ന വാഹനങ്ങൾ പെട്ടെന്ന് മാറ്റുന്നതിന് ചുരത്തിൽ ക്രൈയിൻ സർവിസും മൊബൈൽ മെക്കാനിക്കും തീരുമാനമായിട്ടുണ്ടെങ്കിലും വർഷങ്ങളായിട്ടും നടപ്പായിട്ടില്ല. പൊലിസ് എയ്ഡ് പോസ്റ്റും ഇതവരെ നടപ്പാക്കിയിട്ടില്ല. മതിയായ ഇന്ധനം ഉറപ്പുവരുത്താതെയെത്തുന്ന വാഹനങ്ങൾ ഇന്ധനം തീർന്ന് വഴിയിലാവുന്നതും അമിത ലോഡ് കയറ്റിവരുന്ന വാഹനങ്ങൾ കുടുങ്ങുന്നതും പലപ്പോഴും ചുരത്തിൽ വലിയ ബ്ലോക്കിന് കാരണമാകുന്നുണ്ട്.
വീതി കുറവുള്ള ഭാഗങ്ങളിലെ റോഡരികിൽ തുറന്നുകിടക്കുന്ന ഓവുചാലിലേക്ക് ചക്രങ്ങൾ ചാടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യ സംഭവമാണ്. ക്രിസ്മസ് അവധിക്ക് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ, കാസർകോട് ജില്ലകളിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുൾപ്പടെ ആയിരക്കണക്കിന് സഞ്ചാരികൾ വയനാട്ടിലെത്തുന്നുണ്ട്. വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ ജില്ലയിലെ പ്രധാന ടൗണുകളിലും വാഹനങ്ങളുടെ നീണ്ടനിരയാണ് ഓരോ ദിവസവും അനുഭവപ്പെടുന്നത്. കൽപറ്റയിലും സുൽത്താൻ ബത്തേരിയിലും മേപ്പാടിയിലുമെല്ലാം വലിയ ഗതാഗതക്കുരുക്ക് എല്ലാ ദിവസവും അനുഭപ്പെടുന്നുണ്ട്.
അവധിക്കാലം കഴിഞ്ഞാലും ജില്ലയിൽ തുടർന്ന് നടക്കാനിരിക്കുന്ന വിവിധ പരിപാടികൾ സഞ്ചാരികളെ വയനാട്ടിലേക്ക് കൂടുതൽ ആകർഷിക്കുമെന്നാണ് പറയപ്പെടുന്നത്. വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും തിരക്ക് വർധിച്ചതോടെ സ്വന്തമായി പാർക്കിങ് സ്ഥലമില്ലാത്തിടങ്ങളിൽ വാഹനങ്ങൾ റോഡരികിൽ നിർത്തിയിടുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. കർണാടകയിൽ നിന്നുള്ള സഞ്ചാരികളുടെ വാഹനങ്ങളാണ് ബത്തേരി ടൗണിലെ കൂടുതലും അകപ്പെടുന്നത്. ബത്തേരി മുതൽ ഗുണ്ടൽപേട്ട് വരെ പലയിടത്തും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുന്നുണ്ട്. മീനങ്ങാടി, വൈത്തിരി ടൗണുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
ജനുവരി അഞ്ചുമുതൽ ചുരത്തിൽ ഗതാഗത നിയന്ത്രണം
കൽപറ്റ: വയനാട് താമരശ്ശേരി ചുരത്തിൽ ജനുവരി അഞ്ചു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയര്‍ അറിയിച്ചു. ചുരത്തിലെ 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനും റോഡിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനുമാണ് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുന്നത്. മൾട്ടി ആക്സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരത്തിലൂടെയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടും.
ചുരത്തിലെ യാത്രാ പ്രശ്നം; രാപകൽ സമരത്തിന് എം.എൽ.എമാർ
കൽപറ്റ: ദേശീയപാത 766ൽ വയനാട് താമരശ്ശേരി ചുരത്തിലെ യാത്രാപ്രശ്നം പരിഹരിക്കാനുള്ള നടപടികൾ സംസ്ഥാന-ജില്ല ഭരണകൂടങ്ങളുടേ ഭാഗത്തു നിന്നുണ്ടാകാത്തതിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിലെ യു.ഡി.എഫ് എം.എൽ.എമാർ സമരത്തിന്. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കാത്ത നടപടിക്കെതിരെ ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണി മുതൽ ബുധനാഴ്ച രാവിലെ 11 വരെ കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ രാപകൽ സമരം നടത്തുമെന്ന് എം.എൽ.എമാരായ ടി. സിദ്ദീഖ്, ഐ.സി ബാലകൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നിരവധി തീരുമാനങ്ങളെടുത്തെങ്കിലും ഒന്നു പോലും പ്രാവർത്തികമായിട്ടില്ല. അവധിക്കാലത്തുൾപ്പടെ മണിക്കൂറുകളോളം സഞ്ചാരികളും യാത്രക്കാരും ചുരത്തിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥ ദയനീയമാണ്. ചുരത്തിലെ യാത്രാപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടത്തിയെങ്കിലും ഒരു നടപടിയുമുണ്ടാകുന്നില്ല. ഇതുമായി ബന്ധപ്പെട്ട് മൂന്ന് വർഷം മുമ്പ് വയനാട് കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലകളുടെ ഏകോപന കാര്യത്തിൽ ഉൾപ്പടെ തീരുമാനമെടുത്തെങ്കിലും ഒന്നും നടപ്പായിട്ടില്ല.
നിയമസഭയിലുൾപ്പടെ വിഷയമുന്നയിച്ചിട്ടും സംസ്ഥാന സർക്കാർ നിസ്സംഗത പുലർത്തുകയായിരുന്നു. ചുരം ബദൽ പാതയായി നിർദേശിക്കപ്പെട്ട ചിപ്പിലിത്തോട് ബൈപാസും പടിഞ്ഞാറത്തറ പൂഴിത്തോട് റോഡും യാഥാഥ്യമാക്കുന്ന കാര്യത്തിലും തികഞ്ഞ അലംഭവാമാണ് പുലർത്തുന്നത്. ഈ സാഹചര്യത്തിലാണ് രാപകൽ സമരം നടത്താൻ തീരുമാനിച്ചതെന്നും നടപടിയുണ്ടായില്ലെങ്കിൽ കടുത്ത പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും എം.എൽ.എമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

